Thursday, December 29, 2011

സി.പി റോയിയുടെ നിര്‍ദ്ദേശം പ്രായോഗികമോ....????




റോയിച്ചേട്ടനെ അറിയാത്തത് കൊണ്ട് വെറുതെ തോന്നലാ ഇപ്പറഞ്ഞതൊക്കെ.....പുള്ളി നമ്മടെ ഇടുക്കി ജില്ലേലെ ബയങ്കര പരിസ്ഥിതി പ്രവര്‍ത്തകനാ.....അതാ പുള്ളീടെ ആദ്യ ലൈന്‍. പിന്നെയാ മുല്ലപ്പെരിയാറ്റില്‍ ചാടിയത്. 5 വര്‍ഷം ഈ സാറ് സമരം നടത്തീന്ന് പറഞ്ഞാ ലത് വെടിയാ വെറും വെടി. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടാഞ്ഞതിന് ഹൈക്കോടതിയില്‍ കേസിന് പോയ മൊതലാ....നമ്മക്കടെ ഈ റോയിസാര്‍....അത് പൊട്ടെ....ഇങ്ങേര് കൊണ്ടു വന്ന ബദല്‍ അങ്ങേരടേതാണെന്ന് കൂടെക്കിടന്നുറങ്ങുന്ന പെണ്ണുമ്പിള്ള പോലും വിശ്വസിക്കില്ല. ഇത് 3 ആഴ്ച മുമ്പ് നമ്മടെ മാതൃഭൂമി ആഴ്ചപ്പതിപ്പില് ഡോ. ലത എഴുതിയ ലേഖനം കട്ട് ചെയ്ത് പെയ്സ്റ്റ് ചെയ്ത സാധനമല്ലേ.... പിന്നെ അത് തമിഴ്‌നാട് സ്വീകരിച്ചു എന്ന് പറയുന്നത് ഫയങ്കര സ്വപനം മാത്രമാണ്. കാരണം സമരം തുടങ്ങുന്നതിനും മുമ്പ് അബ്ബാസ് എന്ന തമിഴന്‍ കര്‍ഷക നേതാവ് ഞങ്ങളുണ്ടാക്കിയ ഒരു ഡോക്യുമെന്ററിക്ക് നല്‍കിയ മറുപടിയാ ഇഷ്ടന്‍ കട്ട് ആന്റ് പേസ്റ്റ് നടത്തി ഞെളിയുന്നത്. കേസ് കോടതിയില്‍ തോറ്റാല്‍ (അത് അച്ചട്ടാ) പകരം വെയ്ക്കുന്ന ബദല്‍ നിര്‍ദ്ദേശമാണല്ലോ.. റോയിയേട്ടന്റെത്. നമ്മക്ക് അതങ്ങ് സമ്മതിച്ചിട്ട് ഒന്ന് സംഗതി പരിശോധിക്കാം.
1. കേസ് നമ്ണള് തോറ്റാല്‍ അതിന്റെ അര്‍ത്ഥം തമിഴ്‌നാടിന് 142 അടി വെള്ളമാക്കാം എന്നാണ്. 142 അടി വെള്ളം എന്നും കിട്ടുമ്പോള്‍ ഇപ്പോളത്തെ ഡെഡ് സ്‌റ്റോറേജ് 104 അടിയിലും 50 അടി താഴ്ത്തി കനാല് കുഴിക്കാന്‍ ലവന്‍മാര്‍ക്ക് പിരാന്താണോ....???
2. 120 അടി വെള്ളം താത്തണേ...താത്തണേ എന്ന് വിളിച്ച കരഞ്ഞ് നമ്മള് പറഞ്ഞപ്പോ...പോടാ പട്ടീന്ന് പോലും പറയാതെ പടി കൊട്ടി അടച്ച ജയമോള് റോയി സാറില്‍ എം.ജി.ആറിനെ കണ്ടാല്‍ പോലും 110 ലും താഴ്ത്തി 54 അടി വെള്ളമാക്കാന്‍ സമ്മതിക്കുമോ ????/( 104-50 = 54)
3. ഇപ്പത്തന്നെ 136 അടിയ്ക്കാണ് നമ്മള് സ്പില്‍ വേ ഫിറ്റ് ചെയ്തിരിക്കുന്നത്. എന്നിട്ടും മഴക്കാലത്ത് ജലനിരപ്പ് 138 വരെ വന്നിട്ടുണ്ട്. കാരണം പ്രളയജലം വരുന്നതും ഒഴുകി പോകുന്നതും തമ്മിലുള്ള അനുപാത വിത്യാസം. 23 സ്പില്‍വേയില്‍ കൂടി ഒഴുകുന്ന വെള്ളമാണോ അതോ ഒരു പെന്‍ സ്റ്റോക്ക് പൈപ്പിലൂടെ ഒഴുകുന്നതോ കൂടുതല്‍? അപ്പം മഴക്കാലത്ത് വീണ്ടും വെള്ളം ഉയരും രാഷ്ട്രീയക്കാരന് പണി.യാവും. ( 5 ദിവസം കൊണ്ട 6 അടി വെള്ളം ഉയര്‍ന്ന കണക്ക് വെച്ച് ആവറേജ് ചെയ്യുക)
4. ഇപ്പത്തന്നെ ലവന്‍മാര് നിര്‍മ്മിച്ചിരിക്കുന്ന 18-ാം കനാലും 18 വലിയ കൊളങ്ങളും മഴക്കാലത്ത് നെറഞ്ഞ് കവിഞ്ഞ് അലമ്പാവും പിന്നെങ്ങനെ കൂടുതല്‍ വെള്ളം കൊണ്ടു പോകും.
5 . ഇപ്പോള്‍ അണക്കെട്ടില്‍ 116 അടിയ്ക്ക് മുകളില്‍ 1200 അടി നീളത്തില്‍ ഒരു വിള്ളല്‍ ഉണ്ട്. അകത്തു നിന്നുള്ള വെള്ളത്തിന്റെ മര്‍ദ്ദം പുറത്തേക്ക് തള്ളിപ്പിടിയ്ക്കുകയും പുറത്തു നിന്നും ചെരിച്ചുള്ള കെട്ടിന്റെ താങ്ങലുമാണ് ഈ വിള്ളലിനെ പ്രതിരോധിക്കുന്നത്. സംഭരണിയിലെ ജലനിരപ്പ് ക്രമാതീതമായി ഇപ്പോള്‍ കുറച്ചാല്‍ അകത്തു നിന്നുള്ള മര്‍ദ്ദം ഇല്ലാതാവും. ചെറിയ ഒരു ഭൂചലനം ഒരു പക്ഷെ അണക്കെട്ടിനെ അകത്തേയ്ക്ക് ഒടിഞ്ഞു വീഴാന്‍ കാരണമാക്കിയേക്കും. 36 അടി ഉയരത്തിലുള്ള ഈ ഭാഗം അടര്‍ന്നു വീണാല്‍ ദുരന്തം പ്രവചനാതീതമാകും.
6. 2005 ല്‍ സമരം ആരംഭിച്ചത് മുതല്‍ സമരത്തോടൊപ്പം നിന്ന ഒരു ജന വിഭാഗമാണ് അതിര്‍ത്തി പട്ടണമായ കുമളിയിലെ ജനങ്ങള്‍. പതിനായിരത്തിലധികം വരുന്ന ചെറുകിട കച്ചവടക്കാര്‍ പ്രധാനമായും അവിടെ ജീവിക്കുന്നത് തേക്കടി എന്ന ടൂറിസം പ്ലെയ്‌സിനെ ആശ്രയിച്ചാണ്. ഇപ്പോള്‍തന്നെ ഡാമിലെ ജലനിരപ്പ് 116 അടി ആയാല്‍ 3 കിലോ മിറ്റര്‍ തേക്കടി തടാകം ഉള്ളിലേക്ക് വലിയും. പിന്നെയും വെള്ളം താഴ്ന്നാല്‍ ബോട്ടിംഗ് നിര്‍ത്തി വെയ്ക്കും. അപ്പോല്‍ 104 അടിയ്ക്കും 50 അടി താഴ്ത്തി ഒരു കനാല്‍ നിര്‍മ്മിച്ചാല്‍ നമ്മടെ ടൂറിസം മാപ്പില്‍ നിന്ന് തേക്കടി ഇല്ലാതാകും. പതിനായിരത്തോളം കച്ചവടക്കാരും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളും വഴിയാധാരമാകും. അവര്‍ക്ക് പട്ടിണി മാറ്റാന്‍ റോയിയുടെ പെന്‍ഷനും, പിതാമഹന്‍ കണ്ടുവെച്ച സ്വത്തുക്കളും തികയില്ല. (നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തുനിഞ്ഞാല്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നിന്ന കേരളം രണ്ടാകും കുമളിയിലെ ജനങ്ങളും സമരസമിതിയും പരസ്പരം പോരടിക്കും)

വാല്.....

റോയി ഒരു ബുദ്ധിജീവിയാണ്. അപൂര്‍വ്വ ജനുസ്സാണ് ഈ ജീവിയുടേത്. നാടൊട്ടുക്ക് പരിസ്ഥിതി വാദവുമായി നടന്ന് മരം വെയ്ക്കുന്ന ഈ ജീവിയുടെ ബിസിനസ്സ് കേട്ടാല്‍ നമ്മക്കത് മനസ്സിലാകും ചെമ്പകമംഗലം ഫര്‍ണ്ണീച്ചേഴ്‌സ് എന്ന പേരില്‍ കട്ടപ്പനയിലെ എണ്ണം പറഞ്ഞ മര ഉരുപ്പടി കച്ചവടം ഈ ജിവിയുടേതാണ്. കഴിഞ്ഞില്ല ഫഌറ്റുകള്‍ നാടിന് ശാപമാണ് എന്ന് പറയുന്ന ഈ ജീവിയ്ക്ക് കട്ടപ്പനയില്‍ പാറപൊട്ടിച്ച് നിരപ്പാക്കിയ സ്ഥലത്ത് പണിത ഒരു നാല് നില കെട്ടിടവും ഈ ജീവിയ്ക്ക് സ്വന്തമായുണ്ട്. ഇനി പറയു ഏതാണ് ഈ ജീവിയുടെ സ്പീഷീസ്.

Friday, December 3, 2010

ആരാണ് താരം...

എന്‍ഡോസള്‍ഫാനാണ് ഇന്നത്തെ താരം. സില്‍സില ആല്‍ബം പോലെ ബമ്പര്‍ഹിറ്റാണ് എന്‍ഡോസള്‍ഫാനും. അറിഞ്ഞും അറിയാതെയും ഉപയോഗിച്ച് ഇരകളായ നൂറ് കണക്കിന് നരക ജീവിതങ്ങള്‍ ചാനല്‍ വാര്‍ത്തകള്‍ തങ്ങളുടേത് മാത്രമാക്കാനുള്ള തത്രപ്പാടിലാണ് (എക്‌സ്‌ക്ലൂസ്സീവ് എന്ന് ഓമനപ്പേര്). എന്റെ ഇടുക്കിയിലും എന്‍ഡോസള്‍ഫാന്‍ തന്നെയാണ് ഇപ്പോള്‍ താരം. തോട്ടംമേഖലകളാണ് പൊതുവേ കീടനാശിനി നിര്‍മ്മാതാക്കളുടെ കാസനോവകള്‍. വിളയുടെ വിലയും കീടനാശിനിയുടെ വ്യാപനവും പരസ്പര പൂരകങ്ങളാണ്. വിളയ്ക്ക് വിലകൂടിയാല്‍ കീടനാശിനിയുടെ വില കൂടുന്ന സാധാരണ എക്കണോമിക്‌സല്ല ഇവിടെ നടപ്പിലാകുന്നത്. വിളയ്ക്ക് വിലകൂടുമ്പോള്‍ കീടനാശിനികളുടെ എണ്ണം കൂടുന്ന മറ്റൊരുതരം എക്കണോമിക്‌സാണ് ഇവിടെ പ്രചാരത്തില്‍. എന്തായാലും പലപേരില്‍ പല കമ്പനികള്‍ ഇറക്കുന്ന നൂറ് കണക്കിന് കീടനാശിനികള്‍ തളിച്ചും കലക്കി ഒഴിച്ചും ഇടയ്ക്ക് സാമ്പത്തിക ഭാരമേറുമ്പോള്‍ അല്‍പം രുചിച്ചുമൊക്കെ ഞങ്ങള്‍ മുന്നേറുന്നു.
ക്യാന്‍സറാണ് മറ്റൊരു താരം. കീടനാശിനി ഉപയോഗിച്ചിട്ടാണെന്ന് പലരും പറയുന്നു. അതല്ല തമിഴന്റെ പച്ചക്കറി വിഭവങ്ങളില്‍ നിന്നും തീന്‍മേശയില്‍ എത്തിയ എന്‍ഡോസള്‍ഫാനാണ് യഥാര്‍ഥ വില്ലനെന്ന കണ്ടെത്തലിനും പ്രചാരം കുറവല്ല. എന്തായാലും ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ അനുപാതത്തെ ഞങ്ങള്‍ക്ക് ഭയമില്ല. പാമ്പാടുംപാറ, കാഞ്ചിയാര്‍, ഉടുമ്പന്‍ചോല തുടങ്ങിയ പഞ്ചായത്തുകളിലെ തോട്ടം മേഖലകളില്‍ ഒരു ക്യാന്‍സര്‍ സര്‍വ്വേ നടത്താന്‍ ഞങ്ങള്‍ ഒട്ടും സമ്മതിക്കാത്തത് ഇത് പേടിച്ചിട്ടൊന്നുമല്ല എന്ന് ഞങ്ങള്‍ എവിടെയും പറയാം...പൊരെ.
മനുഷ്യന്റെ കാര്യം പോട്ടെ...നാല്‍ക്കാലികളും മോശമല്ല. രണ്ട് തല, ആറ് കാല് ഇവയൊക്കെ അമ്മിണിപ്പശുവിന് പോലുമിവിടെ സര്‍വ്വസാധാരണം. അലസുന്ന ഗര്‍ഭങ്ങള്‍ അലസമായ ഗര്‍ഭകാലം എല്ലാം നാല്‍ക്കാലികളും വശമാക്കിയിരിക്കുന്നു.കഴിഞ്ഞില്ല വളര്‍ത്തു നായ്ക്കള്‍ക്ക് വരുന്ന രോഗങ്ങള്‍ കണ്ടിട്ടില്ലേ...കൊടികെട്ടിപ്പാറിച്ച മൃഗഡോക്ടര്‍മാര്‍ പോലും വായപൊളിച്ചുപോകുന്ന ക്യാന്‍സറിന്റെ വകഭേദങ്ങളാണ് പോലും ഇവ. പാവം നാല്‍ക്കാലികള്‍.
ഇനിയാണ് നാം ചിന്തിക്കേണ്ടത്. (ചിന്തിക്കാനുള്ള ശേഷി എന്‍ഡോസള്‍ഫാന്റെ ദയയാണെന്ന് മറക്കുന്നില്ല) ഇടുക്കിയിലെ ഏലത്തോട്ടങ്ങള്‍ അടിയന്തിരമായി പഠനവിധേയമാക്കണം. 30 ദിവസം കൂടുമ്പോള്‍ കീടനാശിനി തളിക്കുന്നു. എക്കാലക്‌സ്, കരാട്ടേ, മുതല്‍ എല്‍ഡോസള്‍ഫാന്‍ വരെ പ്രയോഗിക്കപ്പെടുന്നു. ചെടിയുടെ ചുവട്ടില്‍ ഫ്യൂരിഡാല്‍ എന്ന തരി വിഷം മാസത്തിലൊന്ന് വിതറുന്നു .( http://www.springerlink.com/content/h445331784p87307// ലിങ്കില്‍ ക്ലിക്കിയാല്‍ ഫ്യീറിഡാല്‍ എന്ന് കാര്‍ബോഫ്യൂറാന്റെ വിശദമായ സ്വഭാവം കാണാം. ) പിന്നെയുള്ളത് കൂടുതല്‍കായപിടിക്കാനും പിടിച്ചവ പൊഴിയാതിരിക്കാനുമുള്ളപ്രയോഗങ്ങള്‍. ഹോമിയോ മുതല്‍ ആയുര്‍നവേദവും അലോപ്പതിയെന്ന മോഡേണ്‍ മെഡിസിനും തോട്ടങ്ങളില്‍ പരീക്ഷിക്കപ്പെടുന്നു. ( ആസ്പിരിന്‍ ഗുളികകളും മറ്റ് വേദനാ സംഹാരികളും ഏലത്തിന് ബഹുകേമമെന്ന് കണ്ട് പിടിച്ചതും നമ്മടെ ഏലം കര്‍ഷകരാണെന്ന് മറക്കണ്ട) മഴക്കാലമായാല്‍ വേരു ചീയാതിരിക്കാനും മഞ്ഞളിപ്പിനും മരുന്നുകള്‍ ഏറെയുണ്ട്. ടാറ്റയുടെ താക്കത്ത് ഇവരില്‍ മുമ്പനാണേ.
ചുരുക്കത്തില്‍ വര്‍ഷത്തിലെ 365 ദിവസവും കടുത്ത വിഷ പ്രയോഗം നടക്കുന്ന മറ്റൊരു വിഷസ്വര്‍ഗ്ഗമാവുകയാണ് മലനാട്ടിലെ ഏലത്തോട്ടങ്ങള്‍. ഒപ്പമെത്താനാവില്ലെങ്കിലും തേയിലത്തോട്ടങ്ങളും മത്സരത്തില്‍ പിന്നോട്ടില്ല. മണ്ണിലേക്ക് ചെലുത്തപ്പെടുന്ന ഈ മാരകവിഷം വെള്ളത്തിലൂടെ നിരപരാധികളിലേക്കും വ്യാപരിക്കുന്നു. ചെറു അരുവികളിലൂടെയും തോടുകളിലൂടെയും പ്രധാന നദികളിലേക്കും കുടിവെള്ള പദ്ധതികളിലേക്കും ഇവ കടന്നു ചെല്ലുന്നു. തിളപ്പിച്ച വെള്ളത്തില്‍ പോലും കാളിന്ദീനദീജലം പോലെ കറുത്ത വിഷം നശിക്കാതെ കിടക്കുന്നു. തീന്‍മേശകളില്‍ വിഷം വിളമ്പാന്‍ നാം മത്സരിക്കുന്നു.
ഇനി പറയൂ ആരാണ് താരം....

Tuesday, November 30, 2010

മലനാടിന്റെ വേറിട്ട കാഴ്ചകളുമായി ജാലകം വീണ്ടും തുറക്കുന്നു. ജാലക വാതിലിനപ്പുറത്തെ വിശാലമായ കാഴ്ചകളിലേക്ക് വീണ്ടും നിങ്ങളെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Sunday, November 29, 2009

വിഷം തീണ്ടല്‍ (അനുഭവം)

(കഴിഞ്ഞ ബ്ലോഗിന്റെ തുടര്‍ച്ച.....)

നാലാം ക്ലാസ്സുവരെയാണ് ഈ സ്കൂളില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനമുള്ളു. പിന്നെയങ്ങോട്ട് പെണ്‍ പള്ളിക്കൂടമാണ് ഇത്. ആണും പെണ്ണും ഇടകലര്‍ന്നാല്‍ ഒന്നുമുണ്ടാവില്ല എന്ന് തെളിയിക്കാന്‍ അപകടകരമല്ലാത്ത ചെറു പ്രായക്കാരെ വെച്ച് മാത്രം പരീക്ഷണം നടത്തിയതാവാം ഈ മാറ്റത്തിന് കാരണമെന്ന് കരുതാം. നാലുവരെയുള്ള എന്റെ ജീവിതം സംഭവ ബഹുലമായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ഉണ്ടാവില്ല. അഞ്ചാംപനി, മുണ്ടിനീര്, ചെങ്കണ്ണ്, വരട്ടുചൊറി, വെറും പനി, തുടങ്ങി ലോകത്തെ കൊള്ളാവുന്ന എല്ലാം അസുഖവും പിടിപെട്ട് കരുത്ത് തെളിയിച്ചാണ് ബോര്‍ഡിംഗ് ജീവിതം ഞാന്‍ ആഘോഷിച്ചത്. സിക്ക് റൂമില്‍ എനിക്കായി ഒരു സ്ഥിരം കട്ടില് തന്നെ ഉണ്ടായിരുന്നു. വലതു പുരകത്തിന് മുകളിലെ സാമാന്യം ചെറുതല്ലാത്ത മുറിപ്പാടും ഞാന്‍ ഇവിടുന്ന് സമ്പാദിച്ചതാണ്. ഇതില്‍ നിന്നും വ്യത്യസ്തമായെ ഒരു സംഭവമാണ് ഇനി പറയുന്നത്.
വലിയ ഹാളില്‍ നിരത്തി വിരിച്ചിരിക്കുന്ന പായില്‍ കൂട്ടമായി കിടന്നുറങ്ങുക എന്നതായിരുന്നു ഇവിടെ പതിവ്. തൊട്ട് തൊട്ട് വിരിക്കുന്ന പായകളില്‍ പരസ്പരം തൊടാതെ അതിര്‍ വരമ്പ് വരച്ച് ഉറങ്ങാന്‍ കിടക്കുന്ന കുഞ്ഞ് ചിടുങ്ങുകളെ നേരം വെളുക്കുമ്പോള്‍ ഒന്ന് കാണേണ്ടത് തന്നെയാണ്. പരസ്പരം കെട്ടിപ്പിടിച്ച് തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന കൊച്ച് അഭയാര്‍ത്ഥിക്കൂട്ടമാടി മാറിയിരിക്കും പലരും. എന്നാല്‍ ഈ കൂട്ടപ്പൊരിച്ചിലിലും വിരിച്ച പായില്‍ കിടന്ന കിടപ്പില്‍ ഉറങ്ങി ഉണരുന്ന മഹാന്‍മാരും ഇല്ലാതില്ല. വലിയൊരു നടുമുറ്റത്തോടു കൂടിയ എടുപ്പിലാണ് ഈ കിടപ്പ് ഹാള്‍. നടുമുറ്റമെന്നാല്‍ ഒരു നൂറു മീറ്റര്‍ ഗ്രൗണ്ടിന്റെ വലുപ്പമുള്ള നടുമുറ്റമാണ്. ഇവിടം വിവിധങ്ങളായ പൂച്ചെടികളാല്‍ അലംകൃതമാണ്. ഞങ്ങള്‍ ഉറങ്ങുന്ന വലിയ ഹാളിന് സമാന്തരമായ മറു ഹാളിലാണ് പെണ്‍കുട്ടികള്‍ ഉറങ്ങുന്നത്. നേരം വെളുത്താല്‍ ഈ ഹാള്‍ കടന്ന് വേണം ഞങ്ങളുടെ പെട്ടികള്‍ ഇരിക്കുന്ന മുറിയില്‍ എത്താന്‍. ഈ പെട്ടികളിലാണ് സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങിയ ഐറ്റങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കാലത്ത് ആറു മണിക്ക് ബെല്ലടിക്കുന്നത് കേട്ടാണ് ഉണരല്‍. ഇനിയും ഉണരാത്ത മടിയന്‍ മടിച്ചി കോതണ്ഡരാമന്‍മാരെ കൊച്ചമ്മമാരുടെ ചൂരല്‍ മണിയടി ഉണര്‍ത്തിക്കൊള്ളും.
ഇനിയല്‍പം ഫഌഷ് ബായ്ക്ക്. വെള്ളക്കുമ്പളങ്ങയുടെ കാര്യം വായിച്ചല്ലോ. കാണാന്‍ നല്ല വെളുപ്പും ഐശ്വര്യവും ഇവള്‍ക്കുണ്ടെങ്കിലും ക്ലാസ്സിലെ സുന്ദരി മറ്റൊരുത്തിയാണ്. എലിസബത്ത്.... പേര് പോലെ തന്നെ വെളുത്ത് കൊലുന്നനെ മുടിയൊക്കെ സ്‌റ്റൈലില്‍ വെട്ടിയിട്ട ഒരു കൊച്ചു സുന്ദരി. താന്‍ സുന്ദരിയാണ് എന്ന് മറ്റാരെക്കാള്‍ നന്നായിട്ട് അവള്‍ക്ക് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ അവള്‍ക്ക് മറ്റുള്ളവരെ പുഛമായിരുന്നു. അഥവാ അങ്ങനെ എല്ലാവരും ധരിച്ചിരുന്നു. രണ്ടാം ക്ലാസ്സില്‍ വെച്ച് ഒരിക്കല്‍ പോലും ഇവള്‍ എന്നോട് മിണ്ടുകയോ കണ്ട ഭാവം നടിക്കുകയോ പോലും ചെയ്തിട്ടില്ല. എന്നോട് മാത്രമല്ല മുഴുവന്‍ ആണ്‍കുട്ടികളോടും അവള്‍ക്ക് പരമ പുഛമായിരുന്നു. മിക്കവാറും ക്ലാസ്സില്‍ ഒന്നാം റാങ്ക് ഇവള്‍ക്കോ വെള്ളക്കുമ്പളങ്ങക്കോ ആയിരിക്കും. വെള്ളക്കുമ്പളങ്ങയ്ക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ ഞാനുള്‍പ്പെടുന്ന ആണ്‍ സമൂഹം കഠിനമായി പ്രാര്‍ത്ഥിച്ചിരുന്നു. പ്രസംഗമത്സരമായിരുന്നു എന്റെ ഐറ്റം ഒരിക്കല്‍ പോലും ആ ഇനത്തിലെ ഒന്നാം സമ്മാനം എന്നെ കൈവിട്ടിട്ടില്ല. മത്സരത്തില്‍ എന്റെ അടുത്ത എതിരാളി ഇവളായിരുന്നു. മിക്കവാറും രണ്ടാം സ്ഥാനം അവള്‍ക്കായിരിക്കുകയും ചെയ്യും. ഒരാണ്‍കുട്ടി അതും വെറുമൊരു നരന്ത്, മാത്രമല്ല അവളുടെ ഒന്നാം റാങ്കിന്റെ കടുത്ത എതിരാളിയുടെ അടുത്ത കൂട്ടുകാരന്‍ ഈ നിലയലൊക്കെ എന്നെ അവള്‍ക്ക് കണ്ണില്‍ കാണാന്‍ പാടില്ലായിരുന്നു. എനിക്ക് രണ്ടാം ക്ലാസ്സില്‍ കിട്ടിയിട്ടുള്ള ചൂരല്‍ പഴങ്ങളില്‍ ഏറിയ പങ്കും ഇവള്‍ നേടിത്തന്നതായിരുന്നു എന്ന് പറഞ്ഞാല്‍ കാര്യം മനസ്സിലായല്ലോ... ഇനി കഥയിലേക്ക് വരാം.
കിടപ്പിന്റെ കാര്യം പറഞ്ഞല്ലോ. പായ വിരിക്കുന്നതിനനുസരിച്ച് എല്ലാവരുടെയും കിടപ്പ് ഹാളില്‍ മാറിക്കൊണ്ടേയിരിക്കും. അന്ന് എന്റെ കിടക്ക വിരിച്ചിരുന്നത് തോട്ടത്തിനോട് ചേര്‍ന്ന വാതിലിന് സമീപത്തായിരുന്നു. വിളക്കണയ്ക്കുന്നതിന് മുമ്പ് എല്ലാ വാതിലും ആയച്ചേച്ചിമാര്‍ അടച്ച് കുറ്റിയിടും. എന്നാല്‍ തോട്ടത്തിനോട് ചേര്‍ന്നുള്ള വാതില്‍ ചാരിയിടാറെ പതിവുള്ളു. രാത്രിയിലെ മൂത്ര ശങ്കക്കാര്‍ക്ക് വേണ്ടിയാണ് ഇത്. ഹാളിന്റെ വശങ്ങളിലുള്ള ടോയ്‌ലറ്റിലേക്ക് ഈ വാതില്‍ തുറന്നാണ് പോകേണ്ടത്. പതിവ് പോലെ കിടന്ന് നിമിഷങ്ങള്‍ക്കകം എല്ലാവരും ഉറക്കമായി. രാവ് ഏറെ ചെന്നിട്ടുണ്ട്. പെട്ടെന്ന് കഠിനമായ വേദനലില്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു. എന്റെ ഇടത്തെ കൈ ചുട്ടു പഴുപ്പിച്ച കമ്പിയാല്‍ കുത്തിയത് പോലെ വേദനിക്കുന്നു. കനത്ത നിശബ്ദത എല്ലാവരും ഗാഢ നിദ്രയിലാണ്. മെല്ലെ കിടക്കയില്‍ എഴുന്നേറ്റിരുന്നു. കൈ അനക്കാനാവാത്ത വേദന. നോക്കുമ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്നു. ആരോ ശങ്ക തീര്‍ക്കാന്‍ പോയവര്‍ ഉറക്കപ്പിച്ചില്‍ വാതിലടയ്ക്കന്‍ മറന്നതാണ്. വേദന കൂടുകയാണ്. മൂത്രശങ്ക തോന്നി. എഴുനേറ്റ് ടോയിലറ്റില്‍ ചെന്നിരുന്നു. സീറോ വാട്ട് വെളിച്ചത്തില്‍ കൈ നോക്കി. ചെറുതായി നീരുണ്ട്. അന്തര്‍ മുഖത്വവും പേടിയും കാരണം ആരെയും വിളിക്കാന്‍ തോന്നുന്നില്ല. വീണ്ടും തിരികെ വന്ന് കിടന്നു. കിടക്കാന്‍ കഴിയുന്നില്ല. കൈ ചുട്ടു പഴുക്കുകയാണ്. അമര്‍ത്തിപ്പിടിച്ചു പെട്ടെന്ന് വേദന കുറഞ്ഞു. കൈ തലയ്ക്കടിലില്‍ വെച്ചു കിടന്നു നോക്കി. നേരിയ ആശ്വാസം ഉണ്ട്. വേദന മെല്ലെ മുകളിലേക്ക് കറുകയാണ്. വേദനിക്കുന്നതിന് തൊട്ട് മുകളില്‍ തലയമര്‍ത്തിക്കിടന്നു. വളരെ ആശ്വാസം തോന്നി. മെല്ലെ മയങ്ങിപ്പോയെന്നു തോന്നുന്നു. ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഞെട്ടി എഴുനേറ്റു. തലയ്ക്കടിലില്‍ നിന്നും കൈ മെല്ലെ എടുത്തു, വേദന ഇരച്ചു കയറുന്നു. കൈയുടെ നീര് വളരെ കൂടിയിരിക്കുന്നു. എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല....എന്നിട്ടും മൈല്ലെ എഴുനേറ്റ് പായ മടക്കിവെച്ച് പല്ലുതേക്കാന്‍ പേസ്റ്റെടുക്കാന്‍ പെട്ടിയിരിക്കുന്ന റൂമിലേക്ക് നടന്നു. ആണ്‍കുട്ടികളെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു. സ്‌റ്റോറില്‍ ഒന്ന് രണ്ട് പെണ്‍കുട്ടികള്‍ ഉറക്കച്ചടവോടെ ബ്രഷില്‍ പേസ്റ്റ് തേക്കുന്നു. എന്റെ പെട്ടിയിരിക്കുന്ന സ്റ്റാന്‍ഡിനടുത്തെത്തിയ എനിക്ക് കാലുകള്‍ തളരുന്നത് പോലെ... തലയ്ക്ക് കനം കൂടി വരുന്നു. പകുതി വീഴ്ചയും ഇരുപ്പുമായി പെട്ടിയില്‍ പിടിച്ച് ഞാന്‍ നിലത്തിരുന്നു. ഒന്ന് മയങ്ങിയോ...
" ചെറുക്കനിവിടുരുന്ന് ഉറങ്ങുകാ അല്ലേ....ഇന്ന് നിനക്ക് ഞാന്‍ നല്ലത് വാങ്ങിത്തരാമേ...."
ശബ്ദം ദൂരെ നിന്നെവിടുന്നോ ആണ് കേള്‍ക്കുന്നത്. ആയാസപ്പെട്ട് കണ്ണ് തുറന്ന് നോക്കി...വേദനയിലും നട്ടെല്ലിലൂടെ തണുപ്പ് പാഞ്ഞു.
അവള്‍ ....
ഇന്ന് കാലത്തെ തന്നെ അടി ഉറപ്പാണ്. പല്ല് തേക്കാതെ ഒളിച്ചിരുന്ന് ഉറങ്ങുന്നവന് തല്ല് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു.... പിടഞ്ഞെഴുനേറ്റു...കൈ ഉയര്‍ത്താന്‍ ശ്രമിച്ചെന്നു തോന്നുന്നു.
"എന്റെ കൈ....അമ്മേ...."
ഞരക്കമായിരുന്നോ ഉറക്കെ കരഞ്ഞോ എന്ന് ഞന്‍ ഓര്‍ക്കുന്നില്ല. കാലുറയ്ക്കാതെ വേച്ചു വീണു... ആലംബത്തിനായി അവളെ പിടിച്ചെന്നു തോന്നുന്നു. രണ്ടു പേരും ഒന്നിച്ചാണ് വീണത്. ഞാനുറങ്ങുകയല്ല എന്ന് അവള്‍ക്ക് മനസ്സിലായെന്നു തോന്നുന്നു. വീഴ്ചയില്‍ ആ അമ്പരപ്പ് അവളുടെ മുഖത്ത് ഞാന്‍ കണ്ടു. അവള്‍ പിടഞ്ഞെഴുനേറ്റു. ഒന്ന് പിടഞ്ഞ് കണ്ണു തുറന്ന ഞാന്‍ കണ്ടത് അവളുടെ പരിഭ്രമിച്ച മുഖമാണ്. കൊച്ചമ്മെ എന്ന അവളുടെ ഉറക്കെയുള്ള കരച്ചിലാണ് ഞാന്‍ ഒടുക്കം കേട്ടത്. കടുത്ത വേദനയില്‍ എന്റെ ബോധം മറഞ്ഞു.
പിന്നെ ഞാന്‍ കണ്ണു തുറക്കുമ്പോള്‍ ആശുപത്രിയിലാണ്. ചുറ്റും കുറെ വെള്ളരിപ്രാവുകള്‍. പിന്നെ ഞങ്ങളുടെ നേഴ്‌സ് കൊച്ചമ്മ, ഹെഡ്മിസ്ട്രസ്സ്...എല്ലാവരുടെയും മുഖത്ത് ആശങ്ക. ഞാന്‍ കണ്ണ് തുറന്നത് കണ്ടിട്ടാവണം എല്ലാവരുടെയും മുഖത്ത് ചിരി വിരിഞ്ഞു. തിരുവല്ലയിലെ പ്രശസ്ത വിഷ ചികിത്സാ കേന്ദ്രമായെ സായിപ്പിന്റെ ആശുപ്ത്രിയിലാണ് ഞാന്‍. കൈയില്‍ നിറയെ സൂചിപ്പാടുകള്‍. ഗ്ലൂക്കോസ് കുപ്പി....ഇടത്തെ കൈയില്‍ എന്തോ മരുന്ന് തേച്ചിട്ടുണ്ട. പിന്നെയും കിട്ടി കുത്ത് കുറെ. കൈയുടെ വേദന കുറഞ്ഞ് കുത്തിന്റെ വേദനയാണ് ഇപ്പോള്‍. പിറ്റേന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. തിരികെ ഹോസ്്റ്റലിലേക്ക് കാറില്‍ യാത്ര. ഇത്രയായിട്ടും എന്താണ് ഉണ്ടായത് എന്ന് എനിക്ക് പിടികിട്ടിയില്ല. ബോര്‍ഡിംഗില്‍ തിരിച്ചെത്തിയ എന്നെ സിക്ക് റൂമിലേക്ക് വിശ്രമത്തിനയച്ചു. മരുന്നിന്റെ ശക്തി കാരണമാവാം മെല്ലെ മയക്കത്തിലേക്ക് ഞാന്‍ വഴുതി. നിറയെ സ്വപ്‌നങ്ങള്‍....പേടിപ്പിക്കുന്നതും അല്ലാത്തതും. മുറിഞ്ഞ സ്വപ്‌നങ്ങളില്‍ അമ്മ പലപ്പോഴും വന്നു.
"അമ്മേ... അമ്മേ...."
വിളിക്കുമ്പോഴേക്കും അമ്മ മറയുകയാണ്. സാരമില്ല സാരമില്ല അമ്മ പറയുന്നു.
"കരയാതെ കുട്ടാ....അമ്മയെ കണാം കേട്ടോ....."
ആരോ എന്റെ കൈ മെല്ലെ തഴുകുന്നുണ്ട്. സ്വപ്‌നത്തിലല്ല... ഞെട്ടിക്കണ്ണു തുറന്നു. അരികില്‍ അവള്‍, എന്റെ മരുന്ന് പുരട്ടിയ കൈ എടുത്ത് മടിയില്‍ വെച്ച് തലോടിക്കൊണ്ട് അവള്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്..... എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.... അമ്മേ എന്ന് ഞാന്‍ നിശബ്ദം കരഞ്ഞു.....
(നാലാം ക്ലാസ്സുവരെ ഞങ്ങള്‍ ഒന്നിച്ചാണ് പഠിച്ചത്. പിരിയാത്ത കൂട്ട്കാരായി, രണ്ട് വര്‍ഷം മുമ്പ് വരെ ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയില്‍ അവളെ ഞാന്‍ കാണാറുണ്ടായിരുന്നു. എന്റെ പതിവ് സൂക്ഷമതയില്ലായ്മയില്‍ ആ ഫോട്ടോ നഷ്ടപ്പെട്ടു. എന്റെ മൂത്ത മകള്‍ക്ക് അവളുടെ അഛന്റെ ജിവന്‍ രക്ഷിച്ച കൂട്ടുകാരിയുടെ ഫോട്ടോ ഞാന്‍ കാട്ടിക്കൊടുത്തെങ്കിലും ഇളവള്‍ക്ക് അത് കാണിച്ച് കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്താണ് എന്നെ കടിച്ചത് എന്ന് എനിക്കറിയില്ല. ആറു മണിക്കൂറോളം ഗുരൂതരാവസ്ഥയില്‍ കിടന്നിട്ടാണ് എനിക്ക് ബോധം വന്നത്.)
(തുടരും....)

Sunday, November 1, 2009

വെള്ളക്കുമ്പളങ്ങ

കഴിഞ്ഞ ബ്ലോഗിന്റെ തുടര്‍ച്ച...
സ്കൂള്‍ തുറന്നു...കാലത്ത് കൈയില്‍ പുതിയ പുസ്തകം നിറച്ച ബാഗുമായി അഛന്റെയോ അമ്മയുടേയോ കൈവിരലില്‍ തൂങ്ങി വിട്ടു മാറാത്ത അമ്പരപ്പുമായി സ്കൂളിലേക്ക് യാത്രയാകുന്ന സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമാണ് ബോര്‍ഡിംഗ് ജീവിതത്തിലെ ആദ്യ സ്കൂള്‍ ദിനം. അമ്പരപ്പും അന്തര്‍മുഖത്വവും കുറച്ചേറെയുണ്ടായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ആ ദിനം നിസ്സഹായതയുടെതു കൂടിയായിരുന്നു. ആരോടെങകിലും ചോദിച്ച് എങ്ങോട്ടാണ് പോകേണ്ടത് എന്നു പോലുമറിയാതെ അമ്പരന്നു നില്‍പായി ഞാന്‍. യൂണിഫോമൊക്കെ ധരിച്ചാണ് നില്‍പ്. അത് രാവിലെ തന്നെ ആയച്ചേച്ചിമാര്‍ തന്നിരുന്നു. കുളിപ്പിച്ചതും അവര്‍ തന്നെ. സ്വന്തമായി ഉടുപ്പിട്ട് നിക്കറിന്റെ ബട്ടന്‍സിടാന്‍ വിഷമിച്ച് ചില പ്രതിസന്ധി ഘട്ടങ്ങള്‍ വിജയകരമായി തരണം ചെയ്ത് നില്‍ക്കുമ്പോഴാണ് ബെല്ലടിക്കുന്നതും, അസംബ്ലിയാണ് ആദ്യമെന്നും ആരോ പറയുന്നത്. ക്ലാസ്സ് അനുസരിച്ചാണ് വരികള്‍ രൂപം പെട്ടിരുന്നത്. ഒട്ടും സംശയിക്കാതെ ഞാന്‍ ഒന്നാം ക്ലാസ്സുകാരുടെ വരിയില്‍ നില്‍പായി. ( ഒന്നില്‍ നിന്നും രണ്ടിലേക്ക് പാസ്സാകും എന്നൊരു സംഗതി ഉള്ളത് സത്യമായും എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ തന്നെ രണ്ടിലേക്ക് എത്തപ്പെട്ടോ എന്നും എനിക്ക് നിശ്ചയമില്ലായിരുന്നു. ) അസംബ്ലി കഴിഞ്ഞു ഓരോ വരികളും ഓരോ ടീച്ചര്‍മാരുടെ (കൊച്ചമ്മമാര്‍) നേതൃത്വത്തില്‍ ക്ലാസ്സുകളിലേക്ക് നയിക്കപ്പെട്ടു. ഒന്നാം ക്ലാസ്സിന്റെ ടീച്ചര്‍ നയിച്ച വരിക്കൊപ്പം ഞാനും നീങ്ങി. ക്ലാസ്സില്‍ ഇത്തിരിക്കുഞ്ഞനായി ഒന്നാം ക്ലാസ്സുകാരന്റെ അമ്പരപ്പ് ഒട്ടും കുറയ്ക്കാതെ ഞാനും ഇരുന്നു. അടുത്തതായി പേര് വിളിക്കാന്‍ തുടങ്ങി. എല്ലാ പിഞ്ചുകളും പേര് വിളിക്കുന്നതനുസരിച്ച് കൈ ഉയര്‍ത്തുന്നുണ്ട്. എല്ലാ പേരുകളും വിളിക്കപ്പെട്ടു. ഇനിയാരുടെയെങ്കിലും പേര് വിളിക്കാനുണ്ടോ? ടീച്ചറുടെ ചോദ്യം... വിളര്‍ത്ത മുഖവുമായി ഞാന്‍ മാത്രം എഴുനേറ്റു നിന്നു. ടീച്ചര്‍ക്ക് അത്ഭുതം... എന്താ മോന്റെ പേര്...വിക്കി വിക്കി പേര് പറഞ്ഞു. ഇനിയെന്തെങ്കിലും ചോദിച്ചാല്‍ മുന്നില്‍ നില്‍ക്കുന്ന നരന്ത് പൊട്ടിക്കരയുമെന്ന കാര്യത്തില്‍ ടീച്ചര്‍ക്ക് ഒട്ടും സംശയം ഉണ്ടായിരുന്നില്ല. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ ടീച്ചര്‍ തന്നെ എന്നെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോയി.. വിഷയം കേട്ട് ഓഫീസിലും കണ്‍ഫ്യൂഷനായി. ഒരൊന്നാം ക്ലാസ്സുകാരന്‍ തങ്ങളുടെ രജിസ്ടറില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. രജിസ്ടറുകള്‍ കൈകാര്യം ചെയ്ത സിന്ദരിച്ചേച്ചിയുടെ മുഖം വിളറി.. രജിസ്ടറുകള്‍ പിന്നെയും പരിശോധിച്ചു. അഡ്മിഷന്‍ രെജിസ്ടറിലും പേരില്ല... കാര്യം കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുമ്പോഴാണ്. രണ്ടാം ക്ലാസ്സിലെ ടീച്ചര്‍ പാഞ്ഞു വരുന്നത്. അവരുടെ രജിസ്ടറിലെ ബോര്‍ഡിംഗ്കാരന്‍ കുട്ടി ഇനിയും എത്തിയിട്ടില്ല എന്ന പരാതിയാണ് അവര്‍ക്കുള്ളത്. പിന്നെയെല്ലാം പെട്ടെന്നായി പേടിപ്പിച്ച് കളഞ്ഞല്ലോടാ കുട്ടാ എന്ന് ഓഫീസിലെ ചേച്ചിയുടെ വക കവിളില്‍ ഒരു കിഴുക്ക്...എന്തിനാ ഒന്നില്‍പോയത് എന്ന രണ്ടാം ക്ലാസ്സ് ടീച്ചറുടെ ചോദ്യത്തിന് രണ്ടിലാന്ന് അറിയത്തില്ലായിരുന്നു എന്ന മണ്ടന്‍ ഉത്തരവും പാസ്സാക്കി കൂട്ടച്ചിരിക്കിടയില്‍ ടീച്ചറുടെ വിരലില്‍ തൂങ്ങി ക്ലാസ്സിലേക്ക് യാത്രയായി. പോകുന്ന പോക്കില്‍ മറ്റ് ടീച്ചര്‍മാരോട് നടന്ന തമാശയയുടെ സാമാന്യം ഭേദപ്പെട്ട ഒരു വിവരണം ടീച്ചര്‍ തന്നെ കൊടുത്തത് കൊണ്ട് ആദ്യ ദിനം തന്നെ വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞു എന്ന അപൂര്‍വ്വ നേട്ടവുമായാണ് ഞാന്‍ ക്ലാസ്സു മുറിയില്‍ പ്രവേശിച്ചത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇടകലര്‍ന്നാണ് ക്ലാസ്സിലെ ഇരിപ്പ്. പുതുതായി കണ്ടെടുത്ത നരന്തിനെ ഇനിയും കാണാതെ പോയാലൊ എന്ന് പേടിച്ചാവും ടീച്ചര്‍ മുന്‍ വരിയില്‍ ആദ്യമിരുന്ന വെള്ളക്കുമ്പളങ്ങ പോലത്തെ പെണ്‍കുട്ടിയെ നീക്കിയിരുത്തി എന്നെ അവിടെ പ്രതിഷ്ഠിച്ചത്. ആദ്യ പീരിയഡ് കഴിഞ്ഞു. രണ്ടാം പീരിയഡിലെ ടീച്ചര്‍ വരാനുള്ള ഇടവേള. കൈത്തണ്ടയില്‍ സൂചി കുത്തിയിറക്കിയത് പോലെ വേദനിക്കുന്നു. ഞെട്ടി കൈ കുടഞ്ഞ് നോക്കുമ്പോള്‍ അടുത്തിരിക്കുന്ന വെള്ളക്കുമ്പളങ്ങ എന്റെ കൈ പിച്ചിപ്പറിക്കുകയാണ്. ദേഷ്യം ചുവപ്പിച്ച മുഖത്തോടെ അവള്‍ ഭീഷണിപ്പെടുത്തി. ചെറുക്കാ എന്റെ സീറ്റ് എനിക്ക് തന്നില്ലെങ്കില്‍ കൊല്ലും ഞാന്‍. കൂടുതലെന്തെങ്കിലും സംഭവിക്കും മുമ്പേ അടുത്ത ടീച്ചര്‍ വന്നു. എല്ലാവരും എഴുനേറ്റു. കുമ്പളങ്ങ കൈ പിന്‍വലിച്ചു. ഇരിക്കാന്‍ ടീച്ചറിന്റെ അനുവാദം. നഖപ്പാടിന്റെ നീറുന്ന വേദനയില്‍ നിറഞ്ഞ കണ്ണുകളോടെ സ്വല്‍പമൊരു പേടിയോടെ ബെഞ്ചില്‍ ഇരിക്കാതെ ഞാന്‍ നിന്നു. ഇരുന്നോളൂ... ടീച്ചര്‍ പിന്നെയും പറഞ്ഞു. പിന്നെയും ഇരിക്കാന്‍ മടിച്ച എന്നോട് ടീച്ചറുടെ ചോദ്യം എന്താടോ ഇരിക്കാത്തത്. ഈ കുട്ടിയെന്നെ പിച്ചുന്നു എന്ന് പറയണോ എന്ന് ആലോചിച്ച് അരനിമിഷം കുഴങ്ങിയ ഞാന്‍ അടുത്തിരിക്കുന്ന കുമ്പളങ്ങയെ നോക്കി. പറയരുതേ എന്ന യാചന കണ്ണിലൊളിപ്പിച്ച് അവള്‍ എന്റെ കൈ പിടിച്ച് ബലമായി ഇരുത്തി. ഇരുന്ന എന്നോട് അമര്‍ത്തിയ സ്വരത്തില്‍ അവള്‍ പിന്നെയും ഭീഷണി മുഴക്കി ടീച്ചറിനോട് പറഞ്ഞാല്‍ കൊല്ലും ഞാന്‍....ഒരു നിമിഷം..... എനിക്ക് ചിരി വന്നു. അവളും ചിരിച്ചു.. പിന്നെ ഞാന്‍ നാല് ജയിച്ച് സ്കൂള്‍ മാറും വരെ ജയശ്രീ എന്ന വെള്ളക്കുമ്പളങ്ങ എന്റെ അ്ടുത്ത കൂട്ടുകാരിയായിരുന്നു.


തുടരും...

Sunday, October 25, 2009

പ്രണയപര്‍വ്വം...


കഴിഞ്ഞ എഴുത്തിന്റെ തുടര്‍ച്ച.....................
ഹോസ്്റ്റലിലെ ഒറ്റപ്പെടലിന്റെ ആദ്യത്തെ അമ്പരപ്പും സങ്കടവും കഴിഞ്ഞപ്പോള്‍ ഞാന്‍ ചുറ്റും നോക്കി. ഒരു ആയച്ചേച്ചി എന്നെ കുറെ നേരമായി ആശ്വസിപ്പിക്കുന്നുണ്ട്. ആറു വയസ്സുകാരന് സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? സത്യമാണ് തിരിച്ചറിവിന്റെ പ്രായത്തില്‍ തന്നെ പ്രണയവും, സൗന്ദര്യാരാധനയും എന്റെ ഉള്ളില്‍ ഉണ്ടായിരുന്നെന്നാണ് എന്റെ വിശ്വാസം. ഹോസ്റ്റലില്‍ ആകെ പത്ത് പതിനഞ്ച് ആളെ എത്തിച്ചേര്‍ന്നിട്ടുള്ളു എന്ന് മനസ്സിലായി. അതില്‍ നാലഞ്ച് പെണ്‍കുട്ടികളും ഉണ്ട്. അത് പറഞ്ഞില്ലല്ലേ.. ബാലികാമഠം എന്ന പ്രശസ്തമായ സ്കൂളിലാണ് ഞാന്‍ ചേര്‍ന്നത്. സ്കൂള്‍ തുടങ്ങിയത് ഒരു മദാമ്മയാണ്. ആദ്യം പെണ്‍കുട്ടികള്‍ മാത്രം താമസിച്ച് പഠിച്ചിരുന്ന ഒന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് അഞ്ചാം ക്ലാസ്സുവരെ ആണ്‍കുട്ടികള്‍ക്കും ഇവിടെ അഡ്മിഷന്‍ കൊടുത്തു തുടങ്ങി. ഒരേ കോമ്പൗണ്ടില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഉണ്ട്, പഠിച്ച്, സൗഹൃദം പങ്കിട്ട് ഒരു വ്യത്യസ്ത ഹോസ്റ്റല്‍ ജീവിതം. ഉറങ്ങാന്‍ രണ്ട് ഹോളുകളിലേക്ക് പോകുമ്പോള്‍ മാത്രമാണ് ആകെ ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്നത്. കാലത്ത് ആറിന് എഴുന്നേല്‍ക്കുന്നതും, പല്ലു തേക്കുന്നതും, പ്രാര്‍ത്ഥിക്കുന്നതും, പ്രഭാത പഠനം നടത്തുന്നതും, പ്രഭാത ഭക്ഷണം കഴിക്കുന്നതും എല്ലാം ഒന്നിച്ച് തന്നെ. കഴിഞ്ഞില്ല പ്രത്യേകതകള്‍ ഇവിടെ പഠിപ്പിക്കുന്നത് മുഴുവന്‍ സ്ത്രീജനങ്ങളാണ്. മാത്രമല്ല ഇവരെയൊന്നും ടീച്ചര്‍ എന്നായിരുന്നില്ല ഞങ്ങള്‍ വിളിച്ചിരുന്നത്. എല്ലാം കൊച്ചമ്മമാരായിരുന്നു. വിവാഹം കഴിക്കാത്ത സ്ത്രീകള്‍ക്ക് മാത്രമേ ഇവിടെ ജോലിയും ലഭിച്ചിരുന്നുള്ളു. ഇവരെല്ലാം സ്കൂളിലെ ഹോസ്റ്റലില്‍ തന്നെയാണ് താമസിച്ചിരുന്നതും. ഇന്ന് ഇത്തരത്തില്‍ പല സ്കൂളുകളും നടക്കുന്നുണ്ടെങ്കിലും മുപ്പത്് വര്‍ഷം മുമ്പ് ഇത്ര ഭാവനാ സമ്പന്നമായ ഒരു സ്കൂള്‍ നടത്തിപ്പ് മര്രൊരിടത്തും ഉണ്ടായിരിക്കില്ല. ഹോസ്റ്റല്‍ വാര്‍ഡന്‍ ഒരു ഏലിയാമ്മക്കൊച്ചമ്മ, ഹെഡ്മിസ്ട്രസ്സ് റോസമ്മ കൊച്ചമ്മ...മെസ്സിലെ ജോലിക്കാരും മറ്റും ചേച്ചമാര്‍ എന്ന് വിളിക്കപ്പെട്ടു. ഹോസ്റ്റലില്‍ 3 വയസ്സു മുതല്‍ 10 വയസ്സുവരെയുള്ള ആണും പെണ്ണുമടങ്ങുന്ന മുന്നൂറോളം കുട്ടികള്‍. ഇവരില്‍ ഇരുനൂറും പെണ്‍കുട്ടികള്‍. വീട്ടില്‍ ഒറ്റപ്പൂരാടനായി ജനിച്ച് വളര്‍ന്ന എനിക്ക് സ്വര്‍ഗ്ഗമായി മാറുകയായിരുന്നു സ്കൂളും ഹോസ്റ്റലും. അമ്മയുടെയും അഛന്റെയും വിരല്‍ തുമ്പില്‍ തൂങ്ങിനടന്നിരുന്നവര്‍ സ്വയം പര്യാപ്തതയിലേക്ക് മെല്ലെ കാലെടുത്ത് വെക്കുകയായിരുന്നു. പറഞ്ഞു വന്നത് ആറു വയസ്സു കാരന്റെ പ്രണയമല്ലേ... അഛന്‍ പോയ സങ്കടത്തില്‍ കരയുന്ന എന്നെ സ്‌നേഹത്തില്‍ അടുത്ത് പിടിച്ച് നിര്‍ത്തി തലോടിയാണ് ആയച്ചേച്ചി ആസ്വസിപ്പിക്കുന്നത്. ചുറ്റും കൂടി നില്‍ക്കുന്നവരും എന്തൊക്കെയോ പറയുന്നുണ്ട്. മെല്ലെ സങ്കടം മാറിയ ആറുവയസ്സുകാരന്‍ തന്നെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന ചേച്ചിയുടെ മുഖത്തേക്ക് ഉറ്റ് നോക്കി. എന്നെപ്പോലെ തന്നെ അപ്പോള്‍ പുതുതായി ജോലിക്ക് ചേര്‍ന്നതാണ് ആ ചേച്ചിയും. വെളുത്ത് തുടുത്ത മുഖം. ഒന്ന് രണ്ട് മുഖക്കുരു പഴുത്ത് നില്‍ക്കുന്ന മുഖം ഞാനിന്നും ഓര്‍ക്കുന്നു. ആനന്ദവല്ലിയെന്നായിരുന്നു അവരുടെ പേര്. താന്‍ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച നരന്തു ബാലന്റെ കരച്ചില്‍ മാറിയ സന്തോഷത്തില്‍ അവര്‍ എന്റെ മുഖത്ത് അമര്‍ത്തി ഉമ്മവെച്ചു. ആ നിമിഷം എനിക്ക് മനസ്സിലായി ഞാനെത്തിയത് ജയിലിലല്ല സ്വര്‍ഗ്ഗത്തിലാണെന്ന്. പിന്നീട് എന്നോ പോലീസ്കാരനായിരുന്ന അവരുടെ ജ്യേഷ്ഠന്‍ ഏതോ മോഷ്ടാവിന്റെ കുത്തേറ്റ് മരിക്കുന്നിടം വരെ ഒരു വലിയേച്ചിയെപ്പോലെ എന്നെ സ്‌നേഹിക്കാനും, കൊച്ചമ്മമാര്‍ കാണാത്തപ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കാനും അവരുണ്ടായിരുന്നു. എനിക്കവരോട് കടുത്ത പ്രണയമായിരുന്നു. പക്ഷെ പ്രണയത്തിന് ഇന്ന് നാം കാണുന്ന അര്‍ത്ഥമായിരുന്നില്ല എന്റെ പ്രണയത്തിന്. പലപ്പോഴും അവരെ ഞാന്‍ സ്വപ്‌നം കണ്ടു. തല തെറിപ്പിക്കുന്ന വികൃതികള്‍ കാണിച്ച് ചന്തി പൊട്ടുന്ന അടി വാങ്ങി തേങ്ങിക്കരയുമ്പോള്‍ അവരുടെ മടിയില്‍ കിടക്കാന്‍ ഞാന്‍ മോഹിച്ചു. അവധിയ്ക്ക് വീട്ടില്‍ പോയി മടങ്ങുമ്പോള്‍ കൊണ്ടുവരുന്ന പലഹാരങ്ങളുടെ ഒരു പങ്ക് എന്റെ ഏറ്റവും വലിയ കൂട്ടുകാരായ എലിസബത്ത് ജോയിക്കും, ജയശ്രീയ്ക്കും, രാജീവനും പോലും നല്‍കാതെ അവര്‍ക്കായി മാറ്റിവെച്ചു. കടുത്ത ഇഷ്ടമായിരുന്നു എനിക്കവരെ. ആറോളം ചേച്ചിമാര്‍ പിന്നെയും അവിടെ ജോലി ചെയ്തിരുന്നു. ഇവരെല്ലാം എന്നെ വളരെ വാല്‍സല്യത്തോടെ സ്‌നേഹിച്ചിരുന്നു. എന്നിട്ടും എന്റെ ഇഷ്ടം മുഴുവന്‍ അതി സുന്ദരിയായ ആനന്ദവല്ലിയോടായിരുന്നു. ജ്യേഷ്ഠന്റെ മരണം അറിഞ്ഞ് നിറഞ്ഞ കണ്ണുകളുമായി എന്നോട് യാത്ര പറയാന്‍ അവര്‍ വന്നു. പോയിട്ട് ചേച്ചി ഉടന്‍ വരാമെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. ഞാനും കരഞ്ഞിരുന്നു എന്ന് തോന്നുന്നു. എന്നാല്‍ പിന്നീടൊരിക്കലും അവര്‍ ഹോസ്റ്റലിലേക്ക് തിരികെ വന്നില്ല. സ്കൂള്‍ തുറക്കുന്നതിന്റെ തലേന്ന് ഹോസ്റ്റലില്‍ മുഴുവന്‍ കുട്ടികളും എത്തിച്ചേര്‍ന്നു. പുതിയ ജീവിത ചര്യകളുമായി ബോര്‍ഡിംഗ് സ്കൂളിന്റെ താളത്തിലലിഞ്ഞ് ജീവിതം മുന്നോട്ടൊഴുകാന്‍തുടങ്ങി.....
തുടരും...

Thursday, October 22, 2009

അനാഥബാല്യങ്ങള്‍

രണ്ടാം ക്ലാസ്സുമുതല്‍ ഞാന്‍ പഠിച്ചത് ഒരു ബോര്‍ഡിംഗ് സ്കൂളിലാണ്. ഒന്നാം ക്ലാസ്സില്‍ എന്റെ ഗുരുനാഥ എന്റെ അമ്മ തന്നെയായിരുന്നു. ചുവന്ന പ്ലാസ്റ്റിക്ക് പെട്ടിയും തകരത്തിന്റെ പൊട്ടാത്ത സ്ലേറ്റും ഒക്കെയായി സ്കൂളിലേക്ക് പോകുന്ന ആകാലം ഓര്‍മ്മയില്‍ ഇന്നും പച്ച പിടിച്ച് നില്‍പുണ്ട്. ഇതില്‍ ഒന്നാം പാഠപുസ്തകവും(റാകിപ്പറക്കുന്ന ചെമ്പരുന്തിന്റെ പാട്ടുള്ള തറ, പറ എന്ന് പാഠം തുടങ്ങുന്ന പുസ്തകം തന്നെ )ചുവന്ന പെട്ടിയും ഞാനിന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. (എന്റെ ഇളയ മകള്‍ ഒട്ടൊരു പുഛത്തോടെയാണ് ഇവ രണ്ടും പരിശോധിച്ചതെങ്കിലും മൂത്തവള്‍ സ്വതസിദ്ധമായ കൗതുകത്തോടെയാണ് ഇവയെ തൊട്ടുനോക്കിയതും, പുസ്തകം മറിച്ച് നോക്കിയതും.) ഇവന്‍ ഇവിടെ പഠിച്ചാല്‍ പോര എന്ന് തീരുമാനിച്ചത് എന്റെ പിതാവാണ് അദ്ദേഹവും ഞാന്‍ പഠിച്ച സ്കൂളിലെ അദ്ധ്യാപകനായിരുന്നു. തുടര്‍ന്നാണ് തിരുവല്ലയ്ക്കപ്പുറത്തെ തിരുമൂലപുരത്തെ സ്കൂളില്‍ എന്നെ ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. വെറൊരു സ്കൂളില്‍ പഠിക്കാമെന്നല്ലാതെ ബോര്‍ഡിംഗ് എന്ന വാക്കിന്റെ അര്‍ഥവും അപകടവും അറിയാമായിരുന്ന പ്രായമല്ലല്ലോ 6 വയസ്സ്. അത് കൊണ്ട് തന്നെ സ്കൂള്‍ മാറ്റതീരുമാനം എന്നെ അലട്ടിയതെയില്ല. പുതിയ ട്രങ്ക് പെട്ടിയും, സ്റ്റീല്‍ പ്ലെയിറ്റും, പുത്തനുടുപ്പും ഒക്കെ ആറു വയസ്സുകാരനെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചതും. ഒടുവില്‍ യാത്രയാവേണ്ട ദിനം വന്നെത്തി. കാലത്തെ ഉണര്‍ന്നു(ഉണര്‍ത്തി)പെട്ടിയും പ്രമാണവുമായി യാത്ര തുടങ്ങി. യാത്ര പറയുമ്പോള്‍ അമ്മ കരയുന്നതെന്തിനാണെന്നു മാത്രം ആറുവയസ്സുകാരന്‍ അത്ഭുതപ്പെട്ടു...നിണ്ടയാത്ര...ബസ്സുകള്‍ മാറിയും ഇറങ്ങിയും കയറിയും പട്ടണത്തിന്റെ അത്ഭുതങ്ങളിലേക്ക് യാത്ര നീണ്ടു. സമയം സന്ധ്യയാവാറായിരുന്നു. കൂടും കുടുക്കയുമൊക്കെയായി ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും പിടിച്ച ഒരു ടാക്‌സിയിലായി പിന്നത്തെ യാത്ര. സ്കൂളിനെക്കുറിച്ചും പഠിപ്പിനെക്കുറിച്ചുമൊക്കെ പിതാവ് എന്തൊക്കെയോ പറയുന്നുണ്ട്. നീണ്ടു കിടക്കുന്ന വയലേലകളുടെ അത്ഭുതക്കാഴ്ചയില്‍ ആറുവയസ്സുകാരന്‍ അതൊന്നും ശ്രദ്ധിക്കുന്നതേയില്ല. " മോനെ അവിടാക്കി അഛന്‍ ഇന്ന് തന്നെ മടങ്ങും കേട്ടോ....??" തുടര്‍ന്ന് കേട്ട ഈ വാക്കുകള്‍ ആറുവയസ്സുകാരനെ ഞെട്ടിച്ചു. നാവു വരണ്ടു.. കണ്ണുകളിലേക്ക് എന്തിനെന്നറിയാടെ കുതിച്ചെത്തിയ കണ്ണീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി. ഒരു നിമിഷം, യാത്ര പറഞ്ഞപ്പോള്‍ അമ്മയുടെകണ്ണുകള്‍ നിറഞ്ഞതെന്തിനെന്ന് അവന് മനസ്സിലായി... നെഞ്ചിനെ പിളര്‍ക്കുന്ന വേദനയില്‍ അവന്‍ തേങ്ങിക്കരഞ്ഞു.... ആശ്വസിപ്പിക്കാന്‍ അഛന്‍ എന്തൊക്കെയോ പറയുന്നുണ്ട്. ടാക്‌സി ഇപ്പോള്‍ വലിയൊരു മതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിച്ചു. ഭംഗിയുള്ള ചായം തേച്ച കെട്ടിടങ്ങള്‍. ഹോസ്റ്റലിലേക്കുള്ള കുറച്ചു കട്ടികള്‍ മാത്രമേ എത്തിയിട്ടുള്ളു. മിക്കവരും പഴമക്കാര്‍, എന്നെപ്പോലെ ആദ്യാനുഭവം ഉള്ളവര്‍ കുറച്ചു മാത്രം. ചടങ്ങുകള്‍ എല്ലാം പെട്ടെന്ന് കഴിഞ്ഞു. ആറുവയസ്സുകാരനെ ഉത്തരവാദപ്പെട്ടവരുടെ കയ്യിലേല്‍പ്പിച്ച് മടങ്ങാന്‍ നിന്ന അഛനെ കെട്ടിപ്പിടിച്ച് ഉറക്കെക്കരഞ്ഞു. ആരോ ബലമായി അവന്റെ കൈകള്‍ വിടര്‍ത്തിമാറ്റി പിന്നിലേക്ക് വലിച്ചു. കുതറി വീണ്ടും മുന്നോട്ടോടാന്‍ വിഫല ശ്രമം.. അകന്നു പോകുന്ന ടാക്‌സിയില്‍ കണ്ണു തുടയ്ക്കുന്ന പിതാവിന്റെ മുഖം ചിതറി വീണ കണ്ണീരില്‍ അവസാനമായി അവന്‍ കണ്ടു.
അടഞ്ഞ ഗേറ്റിന് മുമ്പില്‍ ജയിലിലടയ്ക്കപ്പെട്ടവനായി... ഒരാറുവയസ്സുകാരന്‍ പെട്ടെന്ന് അനാഥനായി....