Sunday, November 29, 2009

വിഷം തീണ്ടല്‍ (അനുഭവം)

(കഴിഞ്ഞ ബ്ലോഗിന്റെ തുടര്‍ച്ച.....)

നാലാം ക്ലാസ്സുവരെയാണ് ഈ സ്കൂളില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനമുള്ളു. പിന്നെയങ്ങോട്ട് പെണ്‍ പള്ളിക്കൂടമാണ് ഇത്. ആണും പെണ്ണും ഇടകലര്‍ന്നാല്‍ ഒന്നുമുണ്ടാവില്ല എന്ന് തെളിയിക്കാന്‍ അപകടകരമല്ലാത്ത ചെറു പ്രായക്കാരെ വെച്ച് മാത്രം പരീക്ഷണം നടത്തിയതാവാം ഈ മാറ്റത്തിന് കാരണമെന്ന് കരുതാം. നാലുവരെയുള്ള എന്റെ ജീവിതം സംഭവ ബഹുലമായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ഉണ്ടാവില്ല. അഞ്ചാംപനി, മുണ്ടിനീര്, ചെങ്കണ്ണ്, വരട്ടുചൊറി, വെറും പനി, തുടങ്ങി ലോകത്തെ കൊള്ളാവുന്ന എല്ലാം അസുഖവും പിടിപെട്ട് കരുത്ത് തെളിയിച്ചാണ് ബോര്‍ഡിംഗ് ജീവിതം ഞാന്‍ ആഘോഷിച്ചത്. സിക്ക് റൂമില്‍ എനിക്കായി ഒരു സ്ഥിരം കട്ടില് തന്നെ ഉണ്ടായിരുന്നു. വലതു പുരകത്തിന് മുകളിലെ സാമാന്യം ചെറുതല്ലാത്ത മുറിപ്പാടും ഞാന്‍ ഇവിടുന്ന് സമ്പാദിച്ചതാണ്. ഇതില്‍ നിന്നും വ്യത്യസ്തമായെ ഒരു സംഭവമാണ് ഇനി പറയുന്നത്.
വലിയ ഹാളില്‍ നിരത്തി വിരിച്ചിരിക്കുന്ന പായില്‍ കൂട്ടമായി കിടന്നുറങ്ങുക എന്നതായിരുന്നു ഇവിടെ പതിവ്. തൊട്ട് തൊട്ട് വിരിക്കുന്ന പായകളില്‍ പരസ്പരം തൊടാതെ അതിര്‍ വരമ്പ് വരച്ച് ഉറങ്ങാന്‍ കിടക്കുന്ന കുഞ്ഞ് ചിടുങ്ങുകളെ നേരം വെളുക്കുമ്പോള്‍ ഒന്ന് കാണേണ്ടത് തന്നെയാണ്. പരസ്പരം കെട്ടിപ്പിടിച്ച് തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന കൊച്ച് അഭയാര്‍ത്ഥിക്കൂട്ടമാടി മാറിയിരിക്കും പലരും. എന്നാല്‍ ഈ കൂട്ടപ്പൊരിച്ചിലിലും വിരിച്ച പായില്‍ കിടന്ന കിടപ്പില്‍ ഉറങ്ങി ഉണരുന്ന മഹാന്‍മാരും ഇല്ലാതില്ല. വലിയൊരു നടുമുറ്റത്തോടു കൂടിയ എടുപ്പിലാണ് ഈ കിടപ്പ് ഹാള്‍. നടുമുറ്റമെന്നാല്‍ ഒരു നൂറു മീറ്റര്‍ ഗ്രൗണ്ടിന്റെ വലുപ്പമുള്ള നടുമുറ്റമാണ്. ഇവിടം വിവിധങ്ങളായ പൂച്ചെടികളാല്‍ അലംകൃതമാണ്. ഞങ്ങള്‍ ഉറങ്ങുന്ന വലിയ ഹാളിന് സമാന്തരമായ മറു ഹാളിലാണ് പെണ്‍കുട്ടികള്‍ ഉറങ്ങുന്നത്. നേരം വെളുത്താല്‍ ഈ ഹാള്‍ കടന്ന് വേണം ഞങ്ങളുടെ പെട്ടികള്‍ ഇരിക്കുന്ന മുറിയില്‍ എത്താന്‍. ഈ പെട്ടികളിലാണ് സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങിയ ഐറ്റങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കാലത്ത് ആറു മണിക്ക് ബെല്ലടിക്കുന്നത് കേട്ടാണ് ഉണരല്‍. ഇനിയും ഉണരാത്ത മടിയന്‍ മടിച്ചി കോതണ്ഡരാമന്‍മാരെ കൊച്ചമ്മമാരുടെ ചൂരല്‍ മണിയടി ഉണര്‍ത്തിക്കൊള്ളും.
ഇനിയല്‍പം ഫഌഷ് ബായ്ക്ക്. വെള്ളക്കുമ്പളങ്ങയുടെ കാര്യം വായിച്ചല്ലോ. കാണാന്‍ നല്ല വെളുപ്പും ഐശ്വര്യവും ഇവള്‍ക്കുണ്ടെങ്കിലും ക്ലാസ്സിലെ സുന്ദരി മറ്റൊരുത്തിയാണ്. എലിസബത്ത്.... പേര് പോലെ തന്നെ വെളുത്ത് കൊലുന്നനെ മുടിയൊക്കെ സ്‌റ്റൈലില്‍ വെട്ടിയിട്ട ഒരു കൊച്ചു സുന്ദരി. താന്‍ സുന്ദരിയാണ് എന്ന് മറ്റാരെക്കാള്‍ നന്നായിട്ട് അവള്‍ക്ക് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ അവള്‍ക്ക് മറ്റുള്ളവരെ പുഛമായിരുന്നു. അഥവാ അങ്ങനെ എല്ലാവരും ധരിച്ചിരുന്നു. രണ്ടാം ക്ലാസ്സില്‍ വെച്ച് ഒരിക്കല്‍ പോലും ഇവള്‍ എന്നോട് മിണ്ടുകയോ കണ്ട ഭാവം നടിക്കുകയോ പോലും ചെയ്തിട്ടില്ല. എന്നോട് മാത്രമല്ല മുഴുവന്‍ ആണ്‍കുട്ടികളോടും അവള്‍ക്ക് പരമ പുഛമായിരുന്നു. മിക്കവാറും ക്ലാസ്സില്‍ ഒന്നാം റാങ്ക് ഇവള്‍ക്കോ വെള്ളക്കുമ്പളങ്ങക്കോ ആയിരിക്കും. വെള്ളക്കുമ്പളങ്ങയ്ക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ ഞാനുള്‍പ്പെടുന്ന ആണ്‍ സമൂഹം കഠിനമായി പ്രാര്‍ത്ഥിച്ചിരുന്നു. പ്രസംഗമത്സരമായിരുന്നു എന്റെ ഐറ്റം ഒരിക്കല്‍ പോലും ആ ഇനത്തിലെ ഒന്നാം സമ്മാനം എന്നെ കൈവിട്ടിട്ടില്ല. മത്സരത്തില്‍ എന്റെ അടുത്ത എതിരാളി ഇവളായിരുന്നു. മിക്കവാറും രണ്ടാം സ്ഥാനം അവള്‍ക്കായിരിക്കുകയും ചെയ്യും. ഒരാണ്‍കുട്ടി അതും വെറുമൊരു നരന്ത്, മാത്രമല്ല അവളുടെ ഒന്നാം റാങ്കിന്റെ കടുത്ത എതിരാളിയുടെ അടുത്ത കൂട്ടുകാരന്‍ ഈ നിലയലൊക്കെ എന്നെ അവള്‍ക്ക് കണ്ണില്‍ കാണാന്‍ പാടില്ലായിരുന്നു. എനിക്ക് രണ്ടാം ക്ലാസ്സില്‍ കിട്ടിയിട്ടുള്ള ചൂരല്‍ പഴങ്ങളില്‍ ഏറിയ പങ്കും ഇവള്‍ നേടിത്തന്നതായിരുന്നു എന്ന് പറഞ്ഞാല്‍ കാര്യം മനസ്സിലായല്ലോ... ഇനി കഥയിലേക്ക് വരാം.
കിടപ്പിന്റെ കാര്യം പറഞ്ഞല്ലോ. പായ വിരിക്കുന്നതിനനുസരിച്ച് എല്ലാവരുടെയും കിടപ്പ് ഹാളില്‍ മാറിക്കൊണ്ടേയിരിക്കും. അന്ന് എന്റെ കിടക്ക വിരിച്ചിരുന്നത് തോട്ടത്തിനോട് ചേര്‍ന്ന വാതിലിന് സമീപത്തായിരുന്നു. വിളക്കണയ്ക്കുന്നതിന് മുമ്പ് എല്ലാ വാതിലും ആയച്ചേച്ചിമാര്‍ അടച്ച് കുറ്റിയിടും. എന്നാല്‍ തോട്ടത്തിനോട് ചേര്‍ന്നുള്ള വാതില്‍ ചാരിയിടാറെ പതിവുള്ളു. രാത്രിയിലെ മൂത്ര ശങ്കക്കാര്‍ക്ക് വേണ്ടിയാണ് ഇത്. ഹാളിന്റെ വശങ്ങളിലുള്ള ടോയ്‌ലറ്റിലേക്ക് ഈ വാതില്‍ തുറന്നാണ് പോകേണ്ടത്. പതിവ് പോലെ കിടന്ന് നിമിഷങ്ങള്‍ക്കകം എല്ലാവരും ഉറക്കമായി. രാവ് ഏറെ ചെന്നിട്ടുണ്ട്. പെട്ടെന്ന് കഠിനമായ വേദനലില്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു. എന്റെ ഇടത്തെ കൈ ചുട്ടു പഴുപ്പിച്ച കമ്പിയാല്‍ കുത്തിയത് പോലെ വേദനിക്കുന്നു. കനത്ത നിശബ്ദത എല്ലാവരും ഗാഢ നിദ്രയിലാണ്. മെല്ലെ കിടക്കയില്‍ എഴുന്നേറ്റിരുന്നു. കൈ അനക്കാനാവാത്ത വേദന. നോക്കുമ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്നു. ആരോ ശങ്ക തീര്‍ക്കാന്‍ പോയവര്‍ ഉറക്കപ്പിച്ചില്‍ വാതിലടയ്ക്കന്‍ മറന്നതാണ്. വേദന കൂടുകയാണ്. മൂത്രശങ്ക തോന്നി. എഴുനേറ്റ് ടോയിലറ്റില്‍ ചെന്നിരുന്നു. സീറോ വാട്ട് വെളിച്ചത്തില്‍ കൈ നോക്കി. ചെറുതായി നീരുണ്ട്. അന്തര്‍ മുഖത്വവും പേടിയും കാരണം ആരെയും വിളിക്കാന്‍ തോന്നുന്നില്ല. വീണ്ടും തിരികെ വന്ന് കിടന്നു. കിടക്കാന്‍ കഴിയുന്നില്ല. കൈ ചുട്ടു പഴുക്കുകയാണ്. അമര്‍ത്തിപ്പിടിച്ചു പെട്ടെന്ന് വേദന കുറഞ്ഞു. കൈ തലയ്ക്കടിലില്‍ വെച്ചു കിടന്നു നോക്കി. നേരിയ ആശ്വാസം ഉണ്ട്. വേദന മെല്ലെ മുകളിലേക്ക് കറുകയാണ്. വേദനിക്കുന്നതിന് തൊട്ട് മുകളില്‍ തലയമര്‍ത്തിക്കിടന്നു. വളരെ ആശ്വാസം തോന്നി. മെല്ലെ മയങ്ങിപ്പോയെന്നു തോന്നുന്നു. ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഞെട്ടി എഴുനേറ്റു. തലയ്ക്കടിലില്‍ നിന്നും കൈ മെല്ലെ എടുത്തു, വേദന ഇരച്ചു കയറുന്നു. കൈയുടെ നീര് വളരെ കൂടിയിരിക്കുന്നു. എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല....എന്നിട്ടും മൈല്ലെ എഴുനേറ്റ് പായ മടക്കിവെച്ച് പല്ലുതേക്കാന്‍ പേസ്റ്റെടുക്കാന്‍ പെട്ടിയിരിക്കുന്ന റൂമിലേക്ക് നടന്നു. ആണ്‍കുട്ടികളെല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു. സ്‌റ്റോറില്‍ ഒന്ന് രണ്ട് പെണ്‍കുട്ടികള്‍ ഉറക്കച്ചടവോടെ ബ്രഷില്‍ പേസ്റ്റ് തേക്കുന്നു. എന്റെ പെട്ടിയിരിക്കുന്ന സ്റ്റാന്‍ഡിനടുത്തെത്തിയ എനിക്ക് കാലുകള്‍ തളരുന്നത് പോലെ... തലയ്ക്ക് കനം കൂടി വരുന്നു. പകുതി വീഴ്ചയും ഇരുപ്പുമായി പെട്ടിയില്‍ പിടിച്ച് ഞാന്‍ നിലത്തിരുന്നു. ഒന്ന് മയങ്ങിയോ...
" ചെറുക്കനിവിടുരുന്ന് ഉറങ്ങുകാ അല്ലേ....ഇന്ന് നിനക്ക് ഞാന്‍ നല്ലത് വാങ്ങിത്തരാമേ...."
ശബ്ദം ദൂരെ നിന്നെവിടുന്നോ ആണ് കേള്‍ക്കുന്നത്. ആയാസപ്പെട്ട് കണ്ണ് തുറന്ന് നോക്കി...വേദനയിലും നട്ടെല്ലിലൂടെ തണുപ്പ് പാഞ്ഞു.
അവള്‍ ....
ഇന്ന് കാലത്തെ തന്നെ അടി ഉറപ്പാണ്. പല്ല് തേക്കാതെ ഒളിച്ചിരുന്ന് ഉറങ്ങുന്നവന് തല്ല് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു.... പിടഞ്ഞെഴുനേറ്റു...കൈ ഉയര്‍ത്താന്‍ ശ്രമിച്ചെന്നു തോന്നുന്നു.
"എന്റെ കൈ....അമ്മേ...."
ഞരക്കമായിരുന്നോ ഉറക്കെ കരഞ്ഞോ എന്ന് ഞന്‍ ഓര്‍ക്കുന്നില്ല. കാലുറയ്ക്കാതെ വേച്ചു വീണു... ആലംബത്തിനായി അവളെ പിടിച്ചെന്നു തോന്നുന്നു. രണ്ടു പേരും ഒന്നിച്ചാണ് വീണത്. ഞാനുറങ്ങുകയല്ല എന്ന് അവള്‍ക്ക് മനസ്സിലായെന്നു തോന്നുന്നു. വീഴ്ചയില്‍ ആ അമ്പരപ്പ് അവളുടെ മുഖത്ത് ഞാന്‍ കണ്ടു. അവള്‍ പിടഞ്ഞെഴുനേറ്റു. ഒന്ന് പിടഞ്ഞ് കണ്ണു തുറന്ന ഞാന്‍ കണ്ടത് അവളുടെ പരിഭ്രമിച്ച മുഖമാണ്. കൊച്ചമ്മെ എന്ന അവളുടെ ഉറക്കെയുള്ള കരച്ചിലാണ് ഞാന്‍ ഒടുക്കം കേട്ടത്. കടുത്ത വേദനയില്‍ എന്റെ ബോധം മറഞ്ഞു.
പിന്നെ ഞാന്‍ കണ്ണു തുറക്കുമ്പോള്‍ ആശുപത്രിയിലാണ്. ചുറ്റും കുറെ വെള്ളരിപ്രാവുകള്‍. പിന്നെ ഞങ്ങളുടെ നേഴ്‌സ് കൊച്ചമ്മ, ഹെഡ്മിസ്ട്രസ്സ്...എല്ലാവരുടെയും മുഖത്ത് ആശങ്ക. ഞാന്‍ കണ്ണ് തുറന്നത് കണ്ടിട്ടാവണം എല്ലാവരുടെയും മുഖത്ത് ചിരി വിരിഞ്ഞു. തിരുവല്ലയിലെ പ്രശസ്ത വിഷ ചികിത്സാ കേന്ദ്രമായെ സായിപ്പിന്റെ ആശുപ്ത്രിയിലാണ് ഞാന്‍. കൈയില്‍ നിറയെ സൂചിപ്പാടുകള്‍. ഗ്ലൂക്കോസ് കുപ്പി....ഇടത്തെ കൈയില്‍ എന്തോ മരുന്ന് തേച്ചിട്ടുണ്ട. പിന്നെയും കിട്ടി കുത്ത് കുറെ. കൈയുടെ വേദന കുറഞ്ഞ് കുത്തിന്റെ വേദനയാണ് ഇപ്പോള്‍. പിറ്റേന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. തിരികെ ഹോസ്്റ്റലിലേക്ക് കാറില്‍ യാത്ര. ഇത്രയായിട്ടും എന്താണ് ഉണ്ടായത് എന്ന് എനിക്ക് പിടികിട്ടിയില്ല. ബോര്‍ഡിംഗില്‍ തിരിച്ചെത്തിയ എന്നെ സിക്ക് റൂമിലേക്ക് വിശ്രമത്തിനയച്ചു. മരുന്നിന്റെ ശക്തി കാരണമാവാം മെല്ലെ മയക്കത്തിലേക്ക് ഞാന്‍ വഴുതി. നിറയെ സ്വപ്‌നങ്ങള്‍....പേടിപ്പിക്കുന്നതും അല്ലാത്തതും. മുറിഞ്ഞ സ്വപ്‌നങ്ങളില്‍ അമ്മ പലപ്പോഴും വന്നു.
"അമ്മേ... അമ്മേ...."
വിളിക്കുമ്പോഴേക്കും അമ്മ മറയുകയാണ്. സാരമില്ല സാരമില്ല അമ്മ പറയുന്നു.
"കരയാതെ കുട്ടാ....അമ്മയെ കണാം കേട്ടോ....."
ആരോ എന്റെ കൈ മെല്ലെ തഴുകുന്നുണ്ട്. സ്വപ്‌നത്തിലല്ല... ഞെട്ടിക്കണ്ണു തുറന്നു. അരികില്‍ അവള്‍, എന്റെ മരുന്ന് പുരട്ടിയ കൈ എടുത്ത് മടിയില്‍ വെച്ച് തലോടിക്കൊണ്ട് അവള്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്..... എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.... അമ്മേ എന്ന് ഞാന്‍ നിശബ്ദം കരഞ്ഞു.....
(നാലാം ക്ലാസ്സുവരെ ഞങ്ങള്‍ ഒന്നിച്ചാണ് പഠിച്ചത്. പിരിയാത്ത കൂട്ട്കാരായി, രണ്ട് വര്‍ഷം മുമ്പ് വരെ ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയില്‍ അവളെ ഞാന്‍ കാണാറുണ്ടായിരുന്നു. എന്റെ പതിവ് സൂക്ഷമതയില്ലായ്മയില്‍ ആ ഫോട്ടോ നഷ്ടപ്പെട്ടു. എന്റെ മൂത്ത മകള്‍ക്ക് അവളുടെ അഛന്റെ ജിവന്‍ രക്ഷിച്ച കൂട്ടുകാരിയുടെ ഫോട്ടോ ഞാന്‍ കാട്ടിക്കൊടുത്തെങ്കിലും ഇളവള്‍ക്ക് അത് കാണിച്ച് കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്താണ് എന്നെ കടിച്ചത് എന്ന് എനിക്കറിയില്ല. ആറു മണിക്കൂറോളം ഗുരൂതരാവസ്ഥയില്‍ കിടന്നിട്ടാണ് എനിക്ക് ബോധം വന്നത്.)
(തുടരും....)

1 comment: