Thursday, October 22, 2009

അനാഥബാല്യങ്ങള്‍

രണ്ടാം ക്ലാസ്സുമുതല്‍ ഞാന്‍ പഠിച്ചത് ഒരു ബോര്‍ഡിംഗ് സ്കൂളിലാണ്. ഒന്നാം ക്ലാസ്സില്‍ എന്റെ ഗുരുനാഥ എന്റെ അമ്മ തന്നെയായിരുന്നു. ചുവന്ന പ്ലാസ്റ്റിക്ക് പെട്ടിയും തകരത്തിന്റെ പൊട്ടാത്ത സ്ലേറ്റും ഒക്കെയായി സ്കൂളിലേക്ക് പോകുന്ന ആകാലം ഓര്‍മ്മയില്‍ ഇന്നും പച്ച പിടിച്ച് നില്‍പുണ്ട്. ഇതില്‍ ഒന്നാം പാഠപുസ്തകവും(റാകിപ്പറക്കുന്ന ചെമ്പരുന്തിന്റെ പാട്ടുള്ള തറ, പറ എന്ന് പാഠം തുടങ്ങുന്ന പുസ്തകം തന്നെ )ചുവന്ന പെട്ടിയും ഞാനിന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. (എന്റെ ഇളയ മകള്‍ ഒട്ടൊരു പുഛത്തോടെയാണ് ഇവ രണ്ടും പരിശോധിച്ചതെങ്കിലും മൂത്തവള്‍ സ്വതസിദ്ധമായ കൗതുകത്തോടെയാണ് ഇവയെ തൊട്ടുനോക്കിയതും, പുസ്തകം മറിച്ച് നോക്കിയതും.) ഇവന്‍ ഇവിടെ പഠിച്ചാല്‍ പോര എന്ന് തീരുമാനിച്ചത് എന്റെ പിതാവാണ് അദ്ദേഹവും ഞാന്‍ പഠിച്ച സ്കൂളിലെ അദ്ധ്യാപകനായിരുന്നു. തുടര്‍ന്നാണ് തിരുവല്ലയ്ക്കപ്പുറത്തെ തിരുമൂലപുരത്തെ സ്കൂളില്‍ എന്നെ ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. വെറൊരു സ്കൂളില്‍ പഠിക്കാമെന്നല്ലാതെ ബോര്‍ഡിംഗ് എന്ന വാക്കിന്റെ അര്‍ഥവും അപകടവും അറിയാമായിരുന്ന പ്രായമല്ലല്ലോ 6 വയസ്സ്. അത് കൊണ്ട് തന്നെ സ്കൂള്‍ മാറ്റതീരുമാനം എന്നെ അലട്ടിയതെയില്ല. പുതിയ ട്രങ്ക് പെട്ടിയും, സ്റ്റീല്‍ പ്ലെയിറ്റും, പുത്തനുടുപ്പും ഒക്കെ ആറു വയസ്സുകാരനെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചതും. ഒടുവില്‍ യാത്രയാവേണ്ട ദിനം വന്നെത്തി. കാലത്തെ ഉണര്‍ന്നു(ഉണര്‍ത്തി)പെട്ടിയും പ്രമാണവുമായി യാത്ര തുടങ്ങി. യാത്ര പറയുമ്പോള്‍ അമ്മ കരയുന്നതെന്തിനാണെന്നു മാത്രം ആറുവയസ്സുകാരന്‍ അത്ഭുതപ്പെട്ടു...നിണ്ടയാത്ര...ബസ്സുകള്‍ മാറിയും ഇറങ്ങിയും കയറിയും പട്ടണത്തിന്റെ അത്ഭുതങ്ങളിലേക്ക് യാത്ര നീണ്ടു. സമയം സന്ധ്യയാവാറായിരുന്നു. കൂടും കുടുക്കയുമൊക്കെയായി ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും പിടിച്ച ഒരു ടാക്‌സിയിലായി പിന്നത്തെ യാത്ര. സ്കൂളിനെക്കുറിച്ചും പഠിപ്പിനെക്കുറിച്ചുമൊക്കെ പിതാവ് എന്തൊക്കെയോ പറയുന്നുണ്ട്. നീണ്ടു കിടക്കുന്ന വയലേലകളുടെ അത്ഭുതക്കാഴ്ചയില്‍ ആറുവയസ്സുകാരന്‍ അതൊന്നും ശ്രദ്ധിക്കുന്നതേയില്ല. " മോനെ അവിടാക്കി അഛന്‍ ഇന്ന് തന്നെ മടങ്ങും കേട്ടോ....??" തുടര്‍ന്ന് കേട്ട ഈ വാക്കുകള്‍ ആറുവയസ്സുകാരനെ ഞെട്ടിച്ചു. നാവു വരണ്ടു.. കണ്ണുകളിലേക്ക് എന്തിനെന്നറിയാടെ കുതിച്ചെത്തിയ കണ്ണീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി. ഒരു നിമിഷം, യാത്ര പറഞ്ഞപ്പോള്‍ അമ്മയുടെകണ്ണുകള്‍ നിറഞ്ഞതെന്തിനെന്ന് അവന് മനസ്സിലായി... നെഞ്ചിനെ പിളര്‍ക്കുന്ന വേദനയില്‍ അവന്‍ തേങ്ങിക്കരഞ്ഞു.... ആശ്വസിപ്പിക്കാന്‍ അഛന്‍ എന്തൊക്കെയോ പറയുന്നുണ്ട്. ടാക്‌സി ഇപ്പോള്‍ വലിയൊരു മതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിച്ചു. ഭംഗിയുള്ള ചായം തേച്ച കെട്ടിടങ്ങള്‍. ഹോസ്റ്റലിലേക്കുള്ള കുറച്ചു കട്ടികള്‍ മാത്രമേ എത്തിയിട്ടുള്ളു. മിക്കവരും പഴമക്കാര്‍, എന്നെപ്പോലെ ആദ്യാനുഭവം ഉള്ളവര്‍ കുറച്ചു മാത്രം. ചടങ്ങുകള്‍ എല്ലാം പെട്ടെന്ന് കഴിഞ്ഞു. ആറുവയസ്സുകാരനെ ഉത്തരവാദപ്പെട്ടവരുടെ കയ്യിലേല്‍പ്പിച്ച് മടങ്ങാന്‍ നിന്ന അഛനെ കെട്ടിപ്പിടിച്ച് ഉറക്കെക്കരഞ്ഞു. ആരോ ബലമായി അവന്റെ കൈകള്‍ വിടര്‍ത്തിമാറ്റി പിന്നിലേക്ക് വലിച്ചു. കുതറി വീണ്ടും മുന്നോട്ടോടാന്‍ വിഫല ശ്രമം.. അകന്നു പോകുന്ന ടാക്‌സിയില്‍ കണ്ണു തുടയ്ക്കുന്ന പിതാവിന്റെ മുഖം ചിതറി വീണ കണ്ണീരില്‍ അവസാനമായി അവന്‍ കണ്ടു.
അടഞ്ഞ ഗേറ്റിന് മുമ്പില്‍ ജയിലിലടയ്ക്കപ്പെട്ടവനായി... ഒരാറുവയസ്സുകാരന്‍ പെട്ടെന്ന് അനാഥനായി....

1 comment:

  1. priyapetta sumesh,
    life is short and full of sorrows. so why not write happy things? randu write ups vayichu. enikku ishttappettu. pakeshe santhoshamulla karyam vayikkananu kootuthal ishtam. KEEP IT UP.

    enikku malayalam script illaa. allengil ente kailasa yathrayude vivaranam njan ayakkumayirunnu.
    snehathode,
    leelateacher

    ReplyDelete