Sunday, November 1, 2009

വെള്ളക്കുമ്പളങ്ങ

കഴിഞ്ഞ ബ്ലോഗിന്റെ തുടര്‍ച്ച...
സ്കൂള്‍ തുറന്നു...കാലത്ത് കൈയില്‍ പുതിയ പുസ്തകം നിറച്ച ബാഗുമായി അഛന്റെയോ അമ്മയുടേയോ കൈവിരലില്‍ തൂങ്ങി വിട്ടു മാറാത്ത അമ്പരപ്പുമായി സ്കൂളിലേക്ക് യാത്രയാകുന്ന സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമാണ് ബോര്‍ഡിംഗ് ജീവിതത്തിലെ ആദ്യ സ്കൂള്‍ ദിനം. അമ്പരപ്പും അന്തര്‍മുഖത്വവും കുറച്ചേറെയുണ്ടായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ആ ദിനം നിസ്സഹായതയുടെതു കൂടിയായിരുന്നു. ആരോടെങകിലും ചോദിച്ച് എങ്ങോട്ടാണ് പോകേണ്ടത് എന്നു പോലുമറിയാതെ അമ്പരന്നു നില്‍പായി ഞാന്‍. യൂണിഫോമൊക്കെ ധരിച്ചാണ് നില്‍പ്. അത് രാവിലെ തന്നെ ആയച്ചേച്ചിമാര്‍ തന്നിരുന്നു. കുളിപ്പിച്ചതും അവര്‍ തന്നെ. സ്വന്തമായി ഉടുപ്പിട്ട് നിക്കറിന്റെ ബട്ടന്‍സിടാന്‍ വിഷമിച്ച് ചില പ്രതിസന്ധി ഘട്ടങ്ങള്‍ വിജയകരമായി തരണം ചെയ്ത് നില്‍ക്കുമ്പോഴാണ് ബെല്ലടിക്കുന്നതും, അസംബ്ലിയാണ് ആദ്യമെന്നും ആരോ പറയുന്നത്. ക്ലാസ്സ് അനുസരിച്ചാണ് വരികള്‍ രൂപം പെട്ടിരുന്നത്. ഒട്ടും സംശയിക്കാതെ ഞാന്‍ ഒന്നാം ക്ലാസ്സുകാരുടെ വരിയില്‍ നില്‍പായി. ( ഒന്നില്‍ നിന്നും രണ്ടിലേക്ക് പാസ്സാകും എന്നൊരു സംഗതി ഉള്ളത് സത്യമായും എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ തന്നെ രണ്ടിലേക്ക് എത്തപ്പെട്ടോ എന്നും എനിക്ക് നിശ്ചയമില്ലായിരുന്നു. ) അസംബ്ലി കഴിഞ്ഞു ഓരോ വരികളും ഓരോ ടീച്ചര്‍മാരുടെ (കൊച്ചമ്മമാര്‍) നേതൃത്വത്തില്‍ ക്ലാസ്സുകളിലേക്ക് നയിക്കപ്പെട്ടു. ഒന്നാം ക്ലാസ്സിന്റെ ടീച്ചര്‍ നയിച്ച വരിക്കൊപ്പം ഞാനും നീങ്ങി. ക്ലാസ്സില്‍ ഇത്തിരിക്കുഞ്ഞനായി ഒന്നാം ക്ലാസ്സുകാരന്റെ അമ്പരപ്പ് ഒട്ടും കുറയ്ക്കാതെ ഞാനും ഇരുന്നു. അടുത്തതായി പേര് വിളിക്കാന്‍ തുടങ്ങി. എല്ലാ പിഞ്ചുകളും പേര് വിളിക്കുന്നതനുസരിച്ച് കൈ ഉയര്‍ത്തുന്നുണ്ട്. എല്ലാ പേരുകളും വിളിക്കപ്പെട്ടു. ഇനിയാരുടെയെങ്കിലും പേര് വിളിക്കാനുണ്ടോ? ടീച്ചറുടെ ചോദ്യം... വിളര്‍ത്ത മുഖവുമായി ഞാന്‍ മാത്രം എഴുനേറ്റു നിന്നു. ടീച്ചര്‍ക്ക് അത്ഭുതം... എന്താ മോന്റെ പേര്...വിക്കി വിക്കി പേര് പറഞ്ഞു. ഇനിയെന്തെങ്കിലും ചോദിച്ചാല്‍ മുന്നില്‍ നില്‍ക്കുന്ന നരന്ത് പൊട്ടിക്കരയുമെന്ന കാര്യത്തില്‍ ടീച്ചര്‍ക്ക് ഒട്ടും സംശയം ഉണ്ടായിരുന്നില്ല. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ ടീച്ചര്‍ തന്നെ എന്നെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോയി.. വിഷയം കേട്ട് ഓഫീസിലും കണ്‍ഫ്യൂഷനായി. ഒരൊന്നാം ക്ലാസ്സുകാരന്‍ തങ്ങളുടെ രജിസ്ടറില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. രജിസ്ടറുകള്‍ കൈകാര്യം ചെയ്ത സിന്ദരിച്ചേച്ചിയുടെ മുഖം വിളറി.. രജിസ്ടറുകള്‍ പിന്നെയും പരിശോധിച്ചു. അഡ്മിഷന്‍ രെജിസ്ടറിലും പേരില്ല... കാര്യം കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുമ്പോഴാണ്. രണ്ടാം ക്ലാസ്സിലെ ടീച്ചര്‍ പാഞ്ഞു വരുന്നത്. അവരുടെ രജിസ്ടറിലെ ബോര്‍ഡിംഗ്കാരന്‍ കുട്ടി ഇനിയും എത്തിയിട്ടില്ല എന്ന പരാതിയാണ് അവര്‍ക്കുള്ളത്. പിന്നെയെല്ലാം പെട്ടെന്നായി പേടിപ്പിച്ച് കളഞ്ഞല്ലോടാ കുട്ടാ എന്ന് ഓഫീസിലെ ചേച്ചിയുടെ വക കവിളില്‍ ഒരു കിഴുക്ക്...എന്തിനാ ഒന്നില്‍പോയത് എന്ന രണ്ടാം ക്ലാസ്സ് ടീച്ചറുടെ ചോദ്യത്തിന് രണ്ടിലാന്ന് അറിയത്തില്ലായിരുന്നു എന്ന മണ്ടന്‍ ഉത്തരവും പാസ്സാക്കി കൂട്ടച്ചിരിക്കിടയില്‍ ടീച്ചറുടെ വിരലില്‍ തൂങ്ങി ക്ലാസ്സിലേക്ക് യാത്രയായി. പോകുന്ന പോക്കില്‍ മറ്റ് ടീച്ചര്‍മാരോട് നടന്ന തമാശയയുടെ സാമാന്യം ഭേദപ്പെട്ട ഒരു വിവരണം ടീച്ചര്‍ തന്നെ കൊടുത്തത് കൊണ്ട് ആദ്യ ദിനം തന്നെ വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞു എന്ന അപൂര്‍വ്വ നേട്ടവുമായാണ് ഞാന്‍ ക്ലാസ്സു മുറിയില്‍ പ്രവേശിച്ചത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇടകലര്‍ന്നാണ് ക്ലാസ്സിലെ ഇരിപ്പ്. പുതുതായി കണ്ടെടുത്ത നരന്തിനെ ഇനിയും കാണാതെ പോയാലൊ എന്ന് പേടിച്ചാവും ടീച്ചര്‍ മുന്‍ വരിയില്‍ ആദ്യമിരുന്ന വെള്ളക്കുമ്പളങ്ങ പോലത്തെ പെണ്‍കുട്ടിയെ നീക്കിയിരുത്തി എന്നെ അവിടെ പ്രതിഷ്ഠിച്ചത്. ആദ്യ പീരിയഡ് കഴിഞ്ഞു. രണ്ടാം പീരിയഡിലെ ടീച്ചര്‍ വരാനുള്ള ഇടവേള. കൈത്തണ്ടയില്‍ സൂചി കുത്തിയിറക്കിയത് പോലെ വേദനിക്കുന്നു. ഞെട്ടി കൈ കുടഞ്ഞ് നോക്കുമ്പോള്‍ അടുത്തിരിക്കുന്ന വെള്ളക്കുമ്പളങ്ങ എന്റെ കൈ പിച്ചിപ്പറിക്കുകയാണ്. ദേഷ്യം ചുവപ്പിച്ച മുഖത്തോടെ അവള്‍ ഭീഷണിപ്പെടുത്തി. ചെറുക്കാ എന്റെ സീറ്റ് എനിക്ക് തന്നില്ലെങ്കില്‍ കൊല്ലും ഞാന്‍. കൂടുതലെന്തെങ്കിലും സംഭവിക്കും മുമ്പേ അടുത്ത ടീച്ചര്‍ വന്നു. എല്ലാവരും എഴുനേറ്റു. കുമ്പളങ്ങ കൈ പിന്‍വലിച്ചു. ഇരിക്കാന്‍ ടീച്ചറിന്റെ അനുവാദം. നഖപ്പാടിന്റെ നീറുന്ന വേദനയില്‍ നിറഞ്ഞ കണ്ണുകളോടെ സ്വല്‍പമൊരു പേടിയോടെ ബെഞ്ചില്‍ ഇരിക്കാതെ ഞാന്‍ നിന്നു. ഇരുന്നോളൂ... ടീച്ചര്‍ പിന്നെയും പറഞ്ഞു. പിന്നെയും ഇരിക്കാന്‍ മടിച്ച എന്നോട് ടീച്ചറുടെ ചോദ്യം എന്താടോ ഇരിക്കാത്തത്. ഈ കുട്ടിയെന്നെ പിച്ചുന്നു എന്ന് പറയണോ എന്ന് ആലോചിച്ച് അരനിമിഷം കുഴങ്ങിയ ഞാന്‍ അടുത്തിരിക്കുന്ന കുമ്പളങ്ങയെ നോക്കി. പറയരുതേ എന്ന യാചന കണ്ണിലൊളിപ്പിച്ച് അവള്‍ എന്റെ കൈ പിടിച്ച് ബലമായി ഇരുത്തി. ഇരുന്ന എന്നോട് അമര്‍ത്തിയ സ്വരത്തില്‍ അവള്‍ പിന്നെയും ഭീഷണി മുഴക്കി ടീച്ചറിനോട് പറഞ്ഞാല്‍ കൊല്ലും ഞാന്‍....ഒരു നിമിഷം..... എനിക്ക് ചിരി വന്നു. അവളും ചിരിച്ചു.. പിന്നെ ഞാന്‍ നാല് ജയിച്ച് സ്കൂള്‍ മാറും വരെ ജയശ്രീ എന്ന വെള്ളക്കുമ്പളങ്ങ എന്റെ അ്ടുത്ത കൂട്ടുകാരിയായിരുന്നു.


തുടരും...

1 comment:

  1. വിവരണം കൊള്ളാം ..
    തുടരുക..

    ആശംസകൽ..

    ReplyDelete