വളെരെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, 1990 ല്‍ ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. പാതാമ്പുഴയെന്ന കുഗ്രാമത്തിലെ അമ്മാവന്റെ വീട്ടില്‍ താമസിച്ച് പാലായിലെ സെന്റ് തോമസ്സ് കോളേജിലായിരുന്നു പഠനം. ഇടയ്ക്ക് ലഭിക്കുന്ന അവധി വീട്ടില്‍ ചിലവഴിച്ച ശേഷമുള്ള ഒരു മടക്ക യാത്രയില്‍ കാഞ്ഞിരപ്പള്ളിക്കും ഈരാറ്റു പേട്ടയ്ക്കും ഇടയിലുള്ള ഏതോ ഒരു സ്റ്റോപ്പില്‍ നിന്നുമാണ് അവര്‍ കയറിയത്. മൂന്ന് കന്യാ സ്ത്രീകള്‍. ആദ്യമൊന്നും ഇവരെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ആ പ്രായത്തിലെന്നല്ല ഒരു പ്രായത്തിലും കന്യാസ്ത്രീകള്‍ എനിക്കൊരു കൗതുകക്കാഴ്ചയായിട്ടില്ല എന്നതാണ് സത്യം. (കാരണം ഇവരെക്കാണുമ്പോള്‍ എന്തൊക്കെയോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം എനിക്ക് തോന്നാറുണ്ട്. സിസ്‌ററര്‍ ജെസ്മിയുടെ ഒരു കന്യാസ്ത്രീയുടെ കഥ(ആമേന്‍) വായിച്ചപ്പോള്‍ ഇത് വല്ലാതെ കൂടുകയും ചെയ്തു. മതപരമായ എന്തെങ്കിലും എതിര്‍പ്പല്ല.....എന്തോ ഒരു വല്ലായ്മ....)പറഞ്ഞുവന്നത് ഇതല്ലല്ലോ... ഇവര്‍ കയറി ഒരു രണ്ട് സ്‌റ്റോപ്പ് കഴിഞ്ഞപ്പോള്‍ പെട്ടെന്ന് എനിക്കെന്തോ ഇവരെ നോക്കാന്‍ തോന്നി. സാമാന്യം തിരക്കുണ്ടായിരുന്ന ബസ്സില്‍ മൂന്നു പേര്‍ക്കും ഇരിക്കാന്‍ സീറ്റ് ലഭിച്ചിട്ടില്ല. സന്യാസിനിമാരില്‍ രണ്ട് പേര്‍ വൃദ്ധകളാണ്. അത് കൊണ്ട് തന്നെ അവര്‍ വളരെ വിഷമിച്ചാണ് ബസ്സില്‍ നില്‍ക്കുന്നത്. എന്നാല്‍ അതിനിടയിലാണ് ഞാനത് കണ്ടത്. ബസ്സിന്റെ ഇളക്കം മാത്രമല്ല അവരെ ബുദ്ധിമുട്ടിക്കുന്നത്. അവര്‍ രണ്ടു പേരും മൂന്നാമത്തെ സന്യാസിനിയുടെ കയ്യില്‍ ബലമായി പിടിച്ചിരിക്കുകയാണ്. കുതറി ഓടിപ്പോകരുത് എന്ന മട്ടില്‍ നാം ആരെയെങ്കിലും ബലമായി പിടിച്ച് നിര്‍ത്തില്ലേ അതുപോലെ....എനിക്ക് അത്ഭുതമായി വൃദ്ധ കന്യാസ്ത്രീകളുടെ മുഖം സ്‌തോഭത്താല്‍ വലിഞ്ഞ് മുറുകിയിരുന്നു. തങ്ങള്‍ ചെയ്യുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്നൊരു മാനക്കേടും അവരെ വിഷമിപ്പിച്ചിരുന്നു. എന്റെ കൗതുകം നിമിഷം കൊണ്ട് അമ്പരപ്പായി. രണ്ട് സാധാരണ സ്ത്രീകള്‍ ഒരുവളെ ബലമായി പിടിച്ച് നിന്നാല്‍ തന്നെ ആളുകള്‍ ശ്രദ്ധിക്കും ഇവിടെ ഇത് വെറും സാധാരണക്കാരല്ല.. മൂന്ന് സന്യാസിനിമാരാണ്. വൃദ്ധ കന്യാസ്ത്രീകള്‍ വിഷമത്തോടെ പലവട്ടം തിരിഞ്ഞ് നൊക്കിയിരുന്നത് കൊണ്ട് അവരുടെ മുഖം എനിക്ക് വ്യക്തമായി കാണാമായിരുന്നു. എന്നാല്‍ മൂന്നാമത്തെ സന്യാസിനിയുടെ മുഖം എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒന്ന് രണ്ട് സ്റ്റോപ്പുകള്‍കഴിഞ്ഞാല്‍ എനിക്ക് ഇറങ്ങാറാകും. എനിക്ക് ഇരിപ്പുറയ്ക്കുന്നില്ല. പലപ്പോഴും കൈ കുതറിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. വളരെ ബുദ്ധിമുട്ടി മറ്റവര്‍ അത് തടയുന്നുമുണ്ട്. എന്റെ ആകാംക്ഷ മൂര്‍ദ്ധന്യത്തിലെത്തി. അവരുടെ മുഖമൊന്നു കണ്ടില്ലെങ്കില്‍ നെഞ്ഞ് പൊട്ടി മരിക്കുന്ന അവസ്ഥ. എന്റെ ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റ് മുന്നില്‍ ചെന്ന് നോക്കിയാലോ എന്നൊരു ചിന്ത എന്നെ പിടിച്ചുലയ്ക്കാന്‍ തുടങ്ങിയിരുന്നു. പെട്ടെന്നാണതുണ്ടായത് ഒരു വെട്ടിത്തിരിയല്‍ തല ചെരിച്ച് അവര്‍ പുറകിലേക്ക് നോക്കി. എന്റെ ദേഹം സ്തംഭിച്ചു. കന്യാസ്ത്രീയുടെ ശിരോ വസ്ത്രത്തിനുളളില്‍ ഞാന്‍ കണ്ടത് അതി മനോഹരിയായ ഒരു യുവതിയേയാണ്. ആ സൗന്ദര്യം വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല. അന്ന് വരെ അത്ര സുന്ദരിയായ ഒരുവളെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു നിമിഷം ആ കണ്ണുകള്‍ എന്റെ മുഖത്തുടക്കി. തുളുമ്പി നിന്നിരുന്ന ആ കണ്ണുകളില്‍ തിളങ്ങിയിരുന്നത്. ഭക്തിയായിരുന്നില്ല. വേദനയായിരുന്നു... നിസ്സഹായതയായിരുന്നു.....രക്ഷപെടാന്‍ കഴിയാത്ത ഇരയുടെ പിടച്ചിലായിരുന്നു. പെട്ടെന്ന് വണ്ടി നിന്നു... ബലമായി കയ്യില്‍ പിടിച്ച് വലിച്ച് വൃദ്ധ സന്യാസിനിമാര്‍ മൂന്നാമത്തവളെ ബസ്സില്‍ നിന്നും താഴെയിറക്കി. ഇപ്പോഴും അവര്‍ കൈയ്യിലെ പിടി വിട്ടിട്ടില്ല... ബസ്സ് ഡബിള്‍ ബെല്ലടിച്ചപ്പോള്‍ ഞെട്ടലോടെ ഞാനൊന്നു കൂടി മനസ്സിലാക്കി അവര്‍ ഇപ്പോഴും എന്നെത്തന്നെയാണ് നോക്കുന്നത്. കണ്ണുകള്‍ തുളുമ്പി ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു... ആ നിറകണ്ണുകള്‍ പിന്നിലാക്കി ബസ്സ് മുന്നോട്ടു പാഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല... ഇപ്പോള്‍ അവരുടെ ചുണ്ടുകളില്‍ വികൃതമായ ഒരു ചിരി മിന്നി നില്‍പുണ്ടായിരുന്നു..വെറുപ്പും പുഛവും നിറഞ്ഞ നിന്ദാ നിര്‍ഭരമായ ഒരു ചിരി.... വര്‍ഷങ്ങളെത്ര കഴിഞ്ഞു.. കാലത്തിന്റെ കുത്തൊഴുക്കില്‍ എത്ര വേദനകളും സുന്ദര നിമിഷങ്ങളും കടന്നു പോന്നു. എന്നിട്ടും ഇന്നും ഞൊനൊരിക്കല്‍ മാത്രം കണ്ട യാതൊരു മുന്‍ പരിചയവുമില്ലാത്ത ശിരോവസ്ത്രത്തിലെ അതിസുന്ദര മുഖവും നിറഞ്ഞൊഴുകുന്ന കണ്ണുകളും, ഒടുക്കം കണ്ട ആ പുഛച്ചിരിയും വേദനയായി മറവിയിലലിയാതെ ഇന്നും ബാക്കി നില്‍ക്കുന്നു....
എഴുത്തിന്റെ ശൈലി ഒരുപാട് ഇഷ്ടമായി.. തുടരുക.. ആശംസകള്‍.
ReplyDeletemashe.. blog thudangiyathinu abhinandanangal....iniyum kadhakal pratheekshikkunnu.....Good luck........
ReplyDeletegood keep it up
ReplyDelete