കഴിഞ്ഞ എഴുത്തിന്റെ തുടര്‍ച്ച.....................
ഹോസ്്റ്റലിലെ ഒറ്റപ്പെടലിന്റെ ആദ്യത്തെ അമ്പരപ്പും സങ്കടവും കഴിഞ്ഞപ്പോള്‍ ഞാന്‍ ചുറ്റും നോക്കി. ഒരു ആയച്ചേച്ചി എന്നെ കുറെ നേരമായി ആശ്വസിപ്പിക്കുന്നുണ്ട്. ആറു വയസ്സുകാരന് സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? സത്യമാണ് തിരിച്ചറിവിന്റെ പ്രായത്തില്‍ തന്നെ പ്രണയവും, സൗന്ദര്യാരാധനയും എന്റെ ഉള്ളില്‍ ഉണ്ടായിരുന്നെന്നാണ് എന്റെ വിശ്വാസം. ഹോസ്റ്റലില്‍ ആകെ പത്ത് പതിനഞ്ച് ആളെ എത്തിച്ചേര്‍ന്നിട്ടുള്ളു എന്ന് മനസ്സിലായി. അതില്‍ നാലഞ്ച് പെണ്‍കുട്ടികളും ഉണ്ട്. അത് പറഞ്ഞില്ലല്ലേ.. ബാലികാമഠം എന്ന പ്രശസ്തമായ സ്കൂളിലാണ് ഞാന്‍ ചേര്‍ന്നത്. സ്കൂള്‍ തുടങ്ങിയത് ഒരു മദാമ്മയാണ്. ആദ്യം പെണ്‍കുട്ടികള്‍ മാത്രം താമസിച്ച് പഠിച്ചിരുന്ന ഒന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് അഞ്ചാം ക്ലാസ്സുവരെ ആണ്‍കുട്ടികള്‍ക്കും ഇവിടെ അഡ്മിഷന്‍ കൊടുത്തു തുടങ്ങി. ഒരേ കോമ്പൗണ്ടില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഉണ്ട്, പഠിച്ച്, സൗഹൃദം പങ്കിട്ട് ഒരു വ്യത്യസ്ത ഹോസ്റ്റല്‍ ജീവിതം. ഉറങ്ങാന്‍ രണ്ട് ഹോളുകളിലേക്ക് പോകുമ്പോള്‍ മാത്രമാണ് ആകെ ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്നത്. കാലത്ത് ആറിന് എഴുന്നേല്‍ക്കുന്നതും, പല്ലു തേക്കുന്നതും, പ്രാര്‍ത്ഥിക്കുന്നതും, പ്രഭാത പഠനം നടത്തുന്നതും, പ്രഭാത ഭക്ഷണം കഴിക്കുന്നതും എല്ലാം ഒന്നിച്ച് തന്നെ. കഴിഞ്ഞില്ല പ്രത്യേകതകള്‍ ഇവിടെ പഠിപ്പിക്കുന്നത് മുഴുവന്‍ സ്ത്രീജനങ്ങളാണ്. മാത്രമല്ല ഇവരെയൊന്നും ടീച്ചര്‍ എന്നായിരുന്നില്ല ഞങ്ങള്‍ വിളിച്ചിരുന്നത്. എല്ലാം കൊച്ചമ്മമാരായിരുന്നു. വിവാഹം കഴിക്കാത്ത സ്ത്രീകള്‍ക്ക് മാത്രമേ ഇവിടെ ജോലിയും ലഭിച്ചിരുന്നുള്ളു. ഇവരെല്ലാം സ്കൂളിലെ ഹോസ്റ്റലില്‍ തന്നെയാണ് താമസിച്ചിരുന്നതും. ഇന്ന് ഇത്തരത്തില്‍ പല സ്കൂളുകളും നടക്കുന്നുണ്ടെങ്കിലും മുപ്പത്് വര്‍ഷം മുമ്പ് ഇത്ര ഭാവനാ സമ്പന്നമായ ഒരു സ്കൂള്‍ നടത്തിപ്പ് മര്രൊരിടത്തും ഉണ്ടായിരിക്കില്ല. ഹോസ്റ്റല്‍ വാര്‍ഡന്‍ ഒരു ഏലിയാമ്മക്കൊച്ചമ്മ, ഹെഡ്മിസ്ട്രസ്സ് റോസമ്മ കൊച്ചമ്മ...മെസ്സിലെ ജോലിക്കാരും മറ്റും ചേച്ചമാര്‍ എന്ന് വിളിക്കപ്പെട്ടു. ഹോസ്റ്റലില്‍ 3 വയസ്സു മുതല്‍ 10 വയസ്സുവരെയുള്ള ആണും പെണ്ണുമടങ്ങുന്ന മുന്നൂറോളം കുട്ടികള്‍. ഇവരില്‍ ഇരുനൂറും പെണ്‍കുട്ടികള്‍. വീട്ടില്‍ ഒറ്റപ്പൂരാടനായി ജനിച്ച് വളര്‍ന്ന എനിക്ക് സ്വര്‍ഗ്ഗമായി മാറുകയായിരുന്നു സ്കൂളും ഹോസ്റ്റലും. അമ്മയുടെയും അഛന്റെയും വിരല്‍ തുമ്പില്‍ തൂങ്ങിനടന്നിരുന്നവര്‍ സ്വയം പര്യാപ്തതയിലേക്ക് മെല്ലെ കാലെടുത്ത് വെക്കുകയായിരുന്നു. പറഞ്ഞു വന്നത് ആറു വയസ്സു കാരന്റെ പ്രണയമല്ലേ... അഛന്‍ പോയ സങ്കടത്തില്‍ കരയുന്ന എന്നെ സ്‌നേഹത്തില്‍ അടുത്ത് പിടിച്ച് നിര്‍ത്തി തലോടിയാണ് ആയച്ചേച്ചി ആസ്വസിപ്പിക്കുന്നത്. ചുറ്റും കൂടി നില്‍ക്കുന്നവരും എന്തൊക്കെയോ പറയുന്നുണ്ട്. മെല്ലെ സങ്കടം മാറിയ ആറുവയസ്സുകാരന്‍ തന്നെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന ചേച്ചിയുടെ മുഖത്തേക്ക് ഉറ്റ് നോക്കി. എന്നെപ്പോലെ തന്നെ അപ്പോള്‍ പുതുതായി ജോലിക്ക് ചേര്‍ന്നതാണ് ആ ചേച്ചിയും. വെളുത്ത് തുടുത്ത മുഖം. ഒന്ന് രണ്ട് മുഖക്കുരു പഴുത്ത് നില്‍ക്കുന്ന മുഖം ഞാനിന്നും ഓര്‍ക്കുന്നു. ആനന്ദവല്ലിയെന്നായിരുന്നു അവരുടെ പേര്. താന്‍ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച നരന്തു ബാലന്റെ കരച്ചില്‍ മാറിയ സന്തോഷത്തില്‍ അവര്‍ എന്റെ മുഖത്ത് അമര്‍ത്തി ഉമ്മവെച്ചു. ആ നിമിഷം എനിക്ക് മനസ്സിലായി ഞാനെത്തിയത് ജയിലിലല്ല സ്വര്‍ഗ്ഗത്തിലാണെന്ന്. പിന്നീട് എന്നോ പോലീസ്കാരനായിരുന്ന അവരുടെ ജ്യേഷ്ഠന്‍ ഏതോ മോഷ്ടാവിന്റെ കുത്തേറ്റ് മരിക്കുന്നിടം വരെ ഒരു വലിയേച്ചിയെപ്പോലെ എന്നെ സ്‌നേഹിക്കാനും, കൊച്ചമ്മമാര്‍ കാണാത്തപ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കാനും അവരുണ്ടായിരുന്നു. എനിക്കവരോട് കടുത്ത പ്രണയമായിരുന്നു. പക്ഷെ പ്രണയത്തിന് ഇന്ന് നാം കാണുന്ന അര്‍ത്ഥമായിരുന്നില്ല എന്റെ പ്രണയത്തിന്. പലപ്പോഴും അവരെ ഞാന്‍ സ്വപ്‌നം കണ്ടു. തല തെറിപ്പിക്കുന്ന വികൃതികള്‍ കാണിച്ച് ചന്തി പൊട്ടുന്ന അടി വാങ്ങി തേങ്ങിക്കരയുമ്പോള്‍ അവരുടെ മടിയില്‍ കിടക്കാന്‍ ഞാന്‍ മോഹിച്ചു. അവധിയ്ക്ക് വീട്ടില്‍ പോയി മടങ്ങുമ്പോള്‍ കൊണ്ടുവരുന്ന പലഹാരങ്ങളുടെ ഒരു പങ്ക് എന്റെ ഏറ്റവും വലിയ കൂട്ടുകാരായ എലിസബത്ത് ജോയിക്കും, ജയശ്രീയ്ക്കും, രാജീവനും പോലും നല്‍കാതെ അവര്‍ക്കായി മാറ്റിവെച്ചു. കടുത്ത ഇഷ്ടമായിരുന്നു എനിക്കവരെ. ആറോളം ചേച്ചിമാര്‍ പിന്നെയും അവിടെ ജോലി ചെയ്തിരുന്നു. ഇവരെല്ലാം എന്നെ വളരെ വാല്‍സല്യത്തോടെ സ്‌നേഹിച്ചിരുന്നു. എന്നിട്ടും എന്റെ ഇഷ്ടം മുഴുവന്‍ അതി സുന്ദരിയായ ആനന്ദവല്ലിയോടായിരുന്നു. ജ്യേഷ്ഠന്റെ മരണം അറിഞ്ഞ് നിറഞ്ഞ കണ്ണുകളുമായി എന്നോട് യാത്ര പറയാന്‍ അവര്‍ വന്നു. പോയിട്ട് ചേച്ചി ഉടന്‍ വരാമെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. ഞാനും കരഞ്ഞിരുന്നു എന്ന് തോന്നുന്നു. എന്നാല്‍ പിന്നീടൊരിക്കലും അവര്‍ ഹോസ്റ്റലിലേക്ക് തിരികെ വന്നില്ല. സ്കൂള്‍ തുറക്കുന്നതിന്റെ തലേന്ന് ഹോസ്റ്റലില്‍ മുഴുവന്‍ കുട്ടികളും എത്തിച്ചേര്‍ന്നു. പുതിയ ജീവിത ചര്യകളുമായി ബോര്‍ഡിംഗ് സ്കൂളിന്റെ താളത്തിലലിഞ്ഞ് ജീവിതം മുന്നോട്ടൊഴുകാന്‍തുടങ്ങി.....
തുടരും...